എംഐഡിസിയിൽ ചുവപ്പു വിഭാഗത്തിൽപ്പെട്ട 289ഫാക്റ്ററികൾ
മുരളീദാസ് പെരളശ്ശേരി
ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റിലുള്ള എംഐഡിസി (Maharashtra Industrial Development Corporation) യിൽ
മലിനീകരണ സൂചികപ്രകാരം ചുവന്ന വിഭാഗത്തിൽപ്പെട്ട (Red category) 289 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്(Maharashtra Pollution Control Board)
സാമൂഹ്യപ്രവർത്തകനായ രാജു നൽവാഡെ വിവരാവകാശ നിയമപ്രകാരംസമർപ്പിച്ച അപേക്ഷയിൽ MPCB നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോംബിവ്‌ലിയിലെ വ്യാവസായിക മേഖലയിൽ സ്ഫോടനങ്ങളും നാശനഷ്ടങ്ങളും ആവർത്തിച്ചുവരുന്ന സാഹചര്യത്തിലാണ് രാജു നൽവാഡെ ഇങ്ങനെയൊരു അന്വേഷണത്തിനായി മുന്നോട്ടുവന്നത്.
2024 മെയ് 23 ന് അമുദാൻ കമ്പനിയിലുണ്ടായ വൻ സ്ഫോടനത്തിന് ശേഷം, സ്ഥലം സന്ദർശിച്ച സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ജനപ്രതിനിധികളും ഡോംബിവ്‌ലിയിലെ മലിനീകരണവും അപകടകരവുമായ രാസവസ്‌തു നിർമ്മാണ കമ്പനികൾ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള യാതൊരു പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ലാ എന്നാണ് അന്വേഷണത്തിൽനിന്നും വെളിപ്പെട്ടിട്ടുള്ളത്.
ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ യോഗങ്ങൾ നടക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിവരാവകാശ രേഖയിൽ പറയുന്നു . എന്നാൽ വ്യവസായങ്ങൾ മാറ്റി സ്ഥാപിക്കുന്ന കാര്യം MPCB യുടെ ചുമതലയിൽ വരുന്നതല്ല.വ്യവസായ വകുപ്പുമായി ബന്ധപ്പെടണം എന്നും അറിയിക്കുന്നു.
അമുദൻ കമ്പനി പൊട്ടിത്തെറിച്ചിട്ട് അഞ്ച് മാസമായി. നിരവധി പേരുടെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ഇവർക്കാർക്കും ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അമുദാൻ കമ്പനിയിൽ 15 പേർ മരിച്ചു, ചിലരെ കാണാതായി.എട്ടുവർഷം മുമ്പ് പ്രോബ്‌സ് കമ്പനിയിൽ നടന്ന ഭീകരമായ പൊട്ടിത്തെറിയിലും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ 3 കിലോമീറ്റർ ദൂരത്തിനിടയിലുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സർക്കാർ ലീസ്റ്റിലുള്ള ഇവർക്കാർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇത്തരം കമ്പനികളിൽ പെറോക്‌സൈഡ് രാസവസ്തുക്കളാണ് നിർമ്മിച്ചുവരുന്നത്.
രാജ്യത്ത് ഇത്തരം രാസവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികൾ വളരെ കുറവായതുകൊണ്ട് തന്നെ നിർമ്മാണത്തിൽ വൻ ലാഭമാണ് കമ്പനിമുതലാളിമാർക്ക് ഇതുവഴി ലഭിക്കുന്നത്.പല വിദേശ രാജ്യങ്ങളിലും ഈ രാസവസ്തുക്കളുടെ നിർമ്മാണം നിരോധിച്ചിരിക്കുകയാണ്. അടുത്തയിടെ രണ്ടു കമ്പനികൾ ഇതിനുള്ള നിർമ്മാണത്തിനായി അനുമതി ചോദിച്ചിരുന്നുവെങ്കിലും മറ്റുള്ള ഫാക്റ്ററി ഉടമകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അതുപേക്ഷിക്കുകയായിരുന്നു. മാത്രമല്ല അപകടകരമായ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളെ അനുവദിക്കരുതെന്ന് ഡോംബിവ്‌ലിയിലെ ഫാക്ടറി തൊഴിലാളികളുടെ സംഘടന സർക്കാരിന് നിവേദനവും നൽകിയിട്ടുണ്ട്.
ഡോംബിവ്‌ലി എംഐഡിസിയിലെ മലിനീകരണമുണ്ടാക്കുന്ന 45 കമ്പനികൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയതായും അവയുടെ വൈദ്യുതി/ജലവിതരണം വിച്ഛേദിച്ചതായും വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്.
“നിബന്ധനകളും വ്യവസ്ഥകളും ബാങ്ക് ഗ്യാരണ്ടിയും സഹിതം കമ്പനി തുടങ്ങുന്നത് സംബന്ധിച്ച് മുംബൈയിലെ മുതിർന്ന സർക്കാർ ഓഫീസുകളിൽ നിന്ന് ചിലർ ഇത്തരം ഉത്തരവുകൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഭാവിയിൽ ഡോംബിവ്‌ലി എംഐഡിസിയിൽ മറ്റൊരു സ്‌ഫോടനവും വൻ മലിനീകരണവും ഉണ്ടായേക്കാം.” രാജു നൽവാഡെ പറഞ്ഞു .
ഡോംബിവ്‌ലി എംഐഡിസിയിലെ 289 റെഡ് കേഡർ കമ്പനികളുടെ റാങ്കിങ് സഹിതം വിവരങ്ങൾ നൽകുന്നതിനിടെ 36 കമ്പനികളുടെ പേരുകൾ എംപിസിബി ഒഴിവാക്കിയതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു ഇതിനെക്കുറിച്ച് സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഫോൺ ചെയ്‌തു ചോദിച്ചപ്പോൾ ” അബദ്ധത്തിൽ സംഭവിച്ചതാണ് ” ,എന്നാണ് പറഞ്ഞതെന്നും നൽവാഡേ പറഞ്ഞു.
(മലിനീകരണ സൂചിക സ്‌കോർ 60-ഉം അതിനുമുകളിലും ഉള്ള വ്യാവസായിക മേഖലകൾ – ചുവപ്പ് വിഭാഗം. സൂചിക 41 മുതൽ 59 വരെയുള്ളത് – ഓറഞ്ച് വിഭാഗം. മലിനീകരണ 21 മുതൽ 40 വരെയുള്ളത് – പച്ച . അതിനു താഴെ വെള്ള)