മേജര്‍ സോക്കര്‍ ലീഗ് : തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോൾ നേടി മെസ്സി

മേജര്‍ സോക്കര്‍ ലീഗില്‍ ചരിത്രനേട്ടവുമായി ഇതിഹാസ താരം ലയണല്‍ മെസ്സി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോള്‍ നേടിയാണ് താരം മികവ് തുടരുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ നാഷ് വില്ലയെ ഇന്‍റര്‍ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമിയുടെ ജയം.
പതിനേഴാം മിനിറ്റിൽ ഒരു ട്രേഡ്‌മാർക്ക് ഫ്രീ കിക്കിലൂടെയാണ് അർജന്‍റീനിയൻ സൂപ്പര്‍ താരം ഗോൾവേട്ട ആരംഭിച്ചത്. നാഷ്‌വില്ലെ ഗോൾകീപ്പർ ജോ വില്ലിസിന് ഒരു അവസരവും നൽകിയില്ല. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ നാഷ് വില്ലയുടെ തിരിച്ചടിയെത്തി. 49-ാം മിനിറ്റില്‍ ഹാനി മുക്തറാണ് ടീമിനായി സമനിലഗോള്‍ കണ്ടെത്തിയത്. പിന്നാലെ മത്സരത്തിന്‍റെ അവസാനത്തിൽ മെസ്സിയുടെ രണ്ടാമത്തെ ഗോൾ വന്നതോടെ മയാമി ജയമുറപ്പിച്ചു.ഈ സീസണിൽ വെറും 15 മേജര്‍ സോക്കര്‍ ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും ഏഴ് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. താരത്തിന്‍റെ ആദ്യ ഗോൾ തന്നെ കളിയുടെ ഗതി നിർണയിക്കുകയും ഹോം കാണികളെ ആവേശരാക്കി. ഈ സീസണിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന 38 കാരനായ താരം ഇപ്പോൾ ഇന്‍റര്‍ മയാമിക്കായി തുടർച്ചയായി അഞ്ച് മത്സരങ്ങളിലും ഇരട്ട ഗോളുകൾ നേടി. ഇത് പുതിയ എം.എല്‍.എസ് റെക്കോർഡാണ്.
മെയ് മാസത്തിൽ മോൺട്രിയലിനെതിരെയാണ് താരം ഇരട്ട ഗോളടിച്ച് തുടങ്ങിയത്.മയാമി പരിശീലകൻ ഹാവിയർ മഷെറാനോ മെസ്സിയുടെ തുടർച്ചയായ മികവിനെ പ്രശംസിച്ചു. ‘അദ്ദേഹത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണെന്ന് മഷെറാനോ പറഞ്ഞു. തുടർച്ചയായി 15 മത്സരങ്ങളിൽ തോൽവിയറിയാതെ കളിച്ച നാഷ്‌വില്ലെയ്ക്ക്, ഈ സീസണിൽ ശക്തമായ പ്രതിരോധ റെക്കോർഡ് ഉണ്ടായിരുന്നിട്ടും മെസ്സിയുടെ സ്വാധീനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഈസ്റ്റേൺ കോൺഫറൻസ് പോയിന്‍റ് പട്ടികയിൽ മുന്നിലെത്താൻ ശ്രമിക്കുന്ന മയാമിക്ക് ഈ വിജയം നിർണായകമായിരുന്നു. ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ക്ലബ്. 19 മത്സരങ്ങളില്‍ നിന്ന് 11 ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമടക്കം 38 പോയന്‍റാണ് ടീമിനുള്ളത്.