ഗൾഫിലേയ്ക്ക് അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ MDMAയും, ഹാഷിഷും!

കണ്ണൂർ :ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
നാളെ സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ജിസിൻ കുപ്പി ഏൽപ്പിച്ചത്.മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ കുപ്പിക്ക് സീൽ ഇല്ലാതിരുന്നതാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം.തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസെത്തി പരിശോധിച്ചപ്പോൾ എംഡിഎംഎ ആണെന്നും 2.6 ഗ്രാം തൂക്കമുണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി.അർഷദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.