“ഒരു ദിനവും പ്രഹസനമാകാതിരിക്കട്ടെ !” : തുളസി മണിയാർ

തുളസി മണിയാർ
വീണ്ടും ഒരു വനിതാദിനം!
സോഷ്യൽമീഡിയയുടെ വയറ് നിറയ്ക്കുകയും തൊട്ടടുത്ത ദിവസം അവിഹിത ഗർഭം പോലെ ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന പർവ്വതീകരണം മാത്രമായി മാറിയ അന്തർദേശീയ ദിനങ്ങളിലൊന്ന് !
അമ്മമാർക്ക് വേണ്ടിയുള്ള ദിവസത്തിൽ മാത്രം അവരെ സ്നേഹംകൊണ്ടു മൂടുന്നവർ, അച്ഛൻമാരുടെ ദിവസത്തിൽ അവരുടെ ത്യാഗങ്ങൾ എണ്ണിപ്പറയുന്നവർ, അതുപോലെ തന്നെയാണ് വനിതാദിനത്തിലും. ഒരു ദിവസം സ്ത്രീകളെ ബഹുമാനിക്കുകയും, അവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നവർ, ബാക്കി ദിവസങ്ങളിൽ സ്ത്രീകളെ ഒന്നടങ്കം അസഭ്യം പറയുന്നതിലെ വിരോധാഭാസം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
ലോകത്താകമാനം സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കൂടി വരുന്നുണ്ടെങ്കിലും, നമുക്ക് ഇന്ന് കുറച്ചു സങ്കുചിതമായി നമ്മുടെ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിക്കാം. സമാനതകളില്ലാത്ത കരുത്തുറ്റ ഒരു വനിതാപ്രധാനമന്ത്രി ഭരിച്ച, രാജ്യത്തിന്റെ പരമോന്നത സ്ഥാനമായ രാഷ്ട്രപതിക്കസേരയിൽ രണ്ടു വനിതകൾ ഉപവിഷ്ടരായ, നിരവധി വനിതകൾ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ധീരരായ വനിതാമുഖ്യമന്ത്രിമാർ വിവിധ സംസ്ഥാനങ്ങൾ ഭരിച്ച ഒരു രാജ്യത്തെ സ്ത്രീകൾ ഇന്നും സമത്വത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും വേണ്ടി മുറവിളികൂട്ടമ്പോൾ എവിടെയാണ് നമുക്കിടയിൽ സ്ത്രീയുടെ സ്ഥാനം?
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാഹിത്യ, കായികമടക്കമുള്ള മേഖലകളിലെല്ലാംതന്നെ തിളങ്ങി നിൽക്കുന്ന ഒരുപാട് സ്ത്രീകൾ ഇന്ന് നമ്മുടെ രാജ്യത്തുണ്ടെന്ന് അഭിമാനിക്കുമ്പോഴും, സ്വന്തം വീടുകളിൽപോലും അരക്ഷിതാവസ്തയിൽ ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നാടാണ് നമ്മുടെ രാജ്യം എന്നോർക്കണം.
ഈ രാജ്യത്ത് ആഴത്തിൽ വേരൂന്നിയ ലിംഗപരമായ അസമത്വങ്ങൾ സ്ത്രീജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നുണ്ട്. മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായ ഇന്നത്തെ തലമുറ ഒരു പരിധിവരെ ജാതിമത, സാമൂഹിക വ്യതിയാനങ്ങൾ സ്വാഗതംചെയ്യുമെന്നിരിക്കെ, നമ്മുടെ രാഷ്ട്രീയസാഹചര്യം വീണ്ടും അവരെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിയിടാനാണ് ശ്രമിക്കുന്നത്. ഒറ്റയ്ക്ക് ഒരു കുടുംബം മുന്നോട്ടു നയിക്കാൻ പ്രാപ്തയായ സ്ത്രീക്ക് സമൂഹത്തിലെ ഏത് പദവി അലങ്കരിക്കാനും യോഗ്യതയുണ്ടെന്നിരിക്കെ, മൂഷിക സ്ത്രീ വീണ്ടും മുഷിക സ്ത്രീയായി നിലനിൽക്കേണ്ടത് ആൺമേൽക്കോയ്മയുടെ എക്കാലത്തേയും കുതന്ത്രങ്ങളിൽപ്പെട്ടതാണ്. അതിൽ അടിമപ്പെട്ടുപോകാതെ, തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്,സ്വയം ശക്തിപ്പെടാനും മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കേണ്ടത് സ്ത്രീകളാണ്.
ബോധവൽക്കരണവും സ്ത്രീ ശാക്തീകരണവുമൊക്കെ ഉയർന്നുകേൾക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീ സ്വയംപര്യാപ്തത നേടുന്നതിനുതന്നെയാണ് ഊന്നൽ കൊടുക്കേണ്ടത്. വിദ്യാഭ്യാസം, ജോലി, സമ്പാദ്യം എന്നീ മൂന്നു ഘടകങ്ങൾ ഒരു സ്ത്രീക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നുണ്ട്. സ്ഥാനമാനങ്ങൾക്കോ, പുരുഷനുമേൽ ആധിപത്യം സ്ഥാപിക്കാനോ അല്ല, അവർക്കൊപ്പം തോളോടുതോൾ ചേർന്നുപോകാനുള്ള മാനസിക ഐക്യപ്പെടലാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. തുല്യതയും സ്ത്രീ സ്വാതന്ത്ര്യവും ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണെന്ന് തിരിച്ചറിയുന്ന കരുത്തരായ സ്ത്രീകൾ നമുക്കു മുന്നിലും പിന്നിലും തലയുയർത്തി നിൽക്കുന്നുണ്ട്. അതുമനസ്സിലാക്കിയിട്ടും ഒരു ചട്ടക്കൂടിലേക്ക് ഒതുങ്ങിപ്പോകാൻ ബഹുഭൂരിപക്ഷം സ്ത്രീകളും നിർബന്ധിതരാകുന്നു. അത് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളുടെ പോരായ്മയാണ്. ഒരു തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തിന്റെ ഇടുങ്ങിയ കാഴ്ചപ്പാടിന്റെ പ്രതിഫലനംകൂടിയാണ് അത്.
സ്ത്രീ ശാക്തീകരണത്തിന്റെ ഫലമായി സാമൂഹിക ഇടപെടലുകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യമുണ്ടെങ്കിലും ജാതിലിംഗസാമ്പത്തിക അസമത്വം അവളെ പിന്നിലേക്ക് വലിക്കുന്നുണ്ട്. ദേശീയ അന്തർദേശീയ സാന്നിധ്യമായി മാറുന്നതുമാത്രമല്ല സ്ത്രീശക്തി, തൊഴിലിടങ്ങളിൽ തുല്യവേതനവും ലിംഗസമത്വവും സുരക്ഷയും ഉറപ്പാക്കപ്പെടുന്നതുപോലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്ന വീട്ടമ്മമാരും സമൂഹത്തിന്റെ ശക്തിചാലകങ്ങളാണ്.
കായീകബലം പുരുഷനുണ്ടെങ്കിലും മാനസികബലം കൂടുതൽ ഉള്ളത് സ്ത്രീക്കു തന്നെയാണ്. എന്തും സഹിക്കാൻ കരുത്തുള്ളവരാണ് സ്ത്രീകൾ. തലമുറകളെ സൃഷ്ടിക്കുന്ന ജീവശാസ്ത്രപരമായ ശാരീരിക മാറ്റങ്ങൾക്കപ്പുറം പരസ്പരം മാനിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ് സ്ത്രീയും പുരുഷനുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി വളർത്തേണ്ടത് മാതാപിതാക്കളാണ്.
അസ്ഥാനങ്ങളിൽപോലും സ്ത്രീശാക്തീകരണവും ലിംഗസമത്വവും പറയുന്നവർ പലപ്പോഴും അത് ആണുങ്ങൾ ചെയ്യട്ടെ, അത് അവരുടെ ജോലിയാണെന്ന് പറയുന്നത് കേൾക്കാം. നമ്മൾ സ്ത്രീകൾ ഇത്തരം കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുമ്പോഴാണ് പുരുഷന്മാർ മുന്നോട്ടു വരുന്നതെന്ന കാര്യവും വിസ്മരിക്കരുത്. സ്വതന്ത്രയായ ഒരു സ്ത്രീക്ക് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും ഓർക്കുക. അവസരങ്ങൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ ഏറ്റെടുക്കാനും നിശ്ചയദാർഢ്യത്തോടെ കാര്യങ്ങളെ നോക്കിക്കാണാനും പ്രാപ്തിയുള്ളവരാകുക. ആത്മവിശ്വാസമുള്ളവരാകുക എന്നതാണ് ഏതൊന്നിന്റേയും അടിസ്ഥാനം.
- ( തുളസി മണിയാർ. 25 വർഷത്തെ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് എഴുത്തും വായനക്കും യാത്രകൾക്കും വേണ്ടി സമയം കണ്ടെത്തുന്നു.ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്. ഉപ്പിന്റെ മണമുള്ള നിഴലുകൾ ആദ്യ കഥാസമാഹാരമാണ്നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്.ഗോവയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സഹജ ദ്വൈമാസികയുടെ അസോസിയേറ്റ് എഡിറ്റർ ആണ്.മുംബൈയിലെ സാഹിത്യ സാമൂഹിക രംഗത്ത് സജീവമാണ്.)