മണിയുടെ കുടുംബത്തിന് സഹായങ്ങള്‍ ചെയ്തു നല്‍കണം: പ്രിയങ്കാ ഗാന്ധി എം പി.
മലപ്പുറം: കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗര്‍ കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നിലമ്പൂര്‍ ഡിഎഫ്ഒയെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി പ്രിയങ്കാ ഗാന്ധി എം പി. കുടുംബത്തിന് വേണ്ട സഹായം ചെയ്തു നല്‍കണമെന്ന് പ്രിയങ്ക സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ ഫോണിലൂടെ അറിയിച്ചു. വൈകാതെ കുടുംബത്തെ കാണാന്‍ എത്തുമെന്നും പ്രിയങ്ക പറഞ്ഞു.
പൂച്ചപ്പാറയിലേക്ക് പോകുന്നതിനിടെ ഇന്നലെ രാത്രി എഴ് മണിക്കാണ് മണിയെ കാട്ടാന ആക്രമിച്ചത്. 9.30ന് ആണ് വനപാലകര്‍ക്ക് സംഭവത്തിന്റെ വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. രക്തം വാര്‍ന്ന നിലയിലാണ് ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചത്. അവിടെനിന്ന് ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്.
ഒപ്പം ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാര്‍ വിഭാഗത്തില്‍ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാര്‍ത്തിക്, കുട്ടിവീരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.