ആ വെള്ളി വള എനിക്ക് വേണം’, ചിതയുടെ മുകളിൽ പ്രതിഷേധവുമായി മകൻ

ജയ്പൂർ: മരിച്ചു പോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സംസ്കാര ചടങ്ങുകൾ വൈകിയത് രണ്ട് മണിക്കൂർ. ജയ്പൂരിലാണ് സംഭവം. ആഭരണം സ്വന്തമാക്കാനായി കത്തിക്കുന്നതിനു മുൻപ് മകൻ ചിതയിൽ കയറിക്കിടന്നു. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ പലതവണ ഇയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടെന്ന് ഉറപ്പായപ്പോഴാണ് ഓം പ്രകാശ് എന്ന മകൻ ചിതയിൽ നിന്ന് എഴുന്നേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മരിച്ച ഭുരി ദേവി എന്ന സ്ത്രീക്ക് 7 മക്കളുണ്ട്. മറ്റ് 6 ആൺമക്കൾ ഒരുമിച്ചാണ് താമസിച്ചിരുന്നെങ്കിലും, ഓംപ്രകാശ് മാത്രം മറ്റൊരു സ്ഥലത്ത് ആണ് താമസിക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് വർഷമായി ആറ് സഹോദരന്മാരും ഓംപ്രകാശും തമ്മിൽ സ്വത്ത് തർക്കം നിലനിൽക്കുന്നതായും നാട്ടുകാർ പറയുന്നു. ഈ മാസം 3 ന് ആണ് ഭുരി ദേവി മരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ആഭരണങ്ങൾ ഊരി മാറ്റി മൂത്ത മകൻ ഗിർധാരിക്ക് കൈമാറുകയായിരുന്നു. ഇതാണ് ഓം പ്രകാശിനെ ചൊടിപ്പിച്ചത്.
ഓംപ്രകാശ് ഉൾപ്പെടെയുള്ള സഹോദരന്മാർ ഒരുമിച്ച് അമ്മയുടെ ഭൗതിക ശരീരം തോളിലേറ്റി. എന്നാൽ ശ്മശാനത്തിൽ എത്തിയപ്പോൾ മുതൽ ഓംപ്രകാശ് അമ്മയുടെ വെള്ളി ആഭരണങ്ങൾ ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു. പിന്നീട് ചിതക്കൊരുക്കിയ മരക്കഷ്ണങ്ങളിൽ കിടന്ന് ചടങ്ങുകൾ തടസപ്പെടുത്താൻ തുടങ്ങി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അമ്മയോടൊപ്പം തന്നെയും ദഹിപ്പിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഭരണങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുവന്ന് ഓംപ്രകാശിന് കൈമാറുന്നതുവരെ ഏകദേശം രണ്ട് മണിക്കൂറോളം ഈ സംഘർഷം തുടർന്നു. ഭുരി ദേവിയുടെ ഭർത്താവ് ചിത്രമൾ രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഏഴ് സഹോദരന്മാരിൽ അഞ്ചാമനാണ് ഓംപ്രകാശ്. ഈ വിഷയത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.