14 ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

മുംബൈ: അതിര്‍ത്തി പ്രദേശങ്ങളിലുള്ള 14 ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
മഹാരാഷ്ട്രയുടെയും തെലങ്കാനയുടെയും അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത് അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ രജുര, ജിവതി താലൂക്കുകളിലെ 14 ഗ്രാമങ്ങളാണ് ചന്ദ്രപൂർ ജില്ലയിൽ ഉൾപ്പെടുത്തുന്നത്.വർഷങ്ങളായി നിലനിൽക്കുന്ന ഈ 14 ഗ്രാമങ്ങളുടെ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിർദേശം നൽകി. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയുടെ ഓഫിസിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.
എംഎൽഎ ദേവറാവു ഭോഗലെ, ജിവതി താലൂക്കിലെ 14 ഗ്രാമങ്ങളുടെ പ്രതിനിധികൾ, ചന്ദ്രപൂർ ജില്ലാ കലക്‌ടർ വിനയ് ഗൗഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതിർത്തിയിൽ ദുരിതം അനുഭവിക്കുന്ന ഗ്രാമീണർ റവന്യൂ മന്ത്രിയുടെ മുന്നിൽ നേരിട്ട് വന്ന് തങ്ങളുടെ പ്രശ്‌നങ്ങൾ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രാമീണരുടെ ആവശ്യങ്ങള്‍ പ്രകാരം അതിര്‍ത്തി പ്രദേശങ്ങള്‍ മഹാരാഷ്‌ട്രയിലേക്ക് കൂട്ടിച്ചേര്‍ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ തീരുമാനത്തെ ശിവസേന യുബിടി നേതാവ് എംപി സഞ്ജയ് റൗത്ത് അനുകൂലിച്ചു. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ കാര്യത്തിലും കൂടി തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ” ഒരു വശത്ത് തെലങ്കാനയിലെ 14 ഗ്രാമങ്ങൾ മഹാരാഷ്ട്രയിലേക്ക് വരുമ്പോൾ, മറുവശത്ത് മഹാരാഷ്ട്ര-കർണാടക അതിർത്തി പ്രദേശത്തെ 672 ഗ്രാമങ്ങൾ വർഷങ്ങളായി മഹാരാഷ്ട്രയിലേക്ക് വരാൻ കാത്തിരിക്കുകയാണ്” എന്ന് സഞ്ജയ് റൗത്ത് പറഞ്ഞു. സർക്കാർ ഈ വിഷയം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”കർണാടകയിലെ 672 ഗ്രാമങ്ങളിൽ നിന്നുള്ള 22 ലക്ഷം ആളുകൾ മഹാരാഷ്ട്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നു. അവിടുത്തെ ജനങ്ങളുടെമേലും സ്‌കൂളുകളിലും കന്നഡ ഭാഷ അടിച്ചേൽപ്പിക്കുന്നു, കന്നഡ ഭാഷ കാരണം മറാത്തി ജനത അടിച്ചമർത്തപ്പെടുന്നു. അതിനാൽ ഈ 14 ഗ്രാമങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തതുപോലെ, മഹാരാഷ്ട്ര-കർണാടക അതിർത്തി പ്രദേശത്തെ കാര്യത്തിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തീരുമാനമെടുക്കണം” – സഞ്ജയ് റൗത്ത് പറഞ്ഞു.
തെലങ്കാനയിലെ ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്താൻ പോകുന്നുവെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. ഇനി ഈ ഗ്രാമങ്ങൾക്ക് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് വിദ്യാഭ്യാസം, സർക്കാർ പദ്ധതികൾ, ആരോഗ്യ സേവനങ്ങൾ, റോഡുകൾ, ജലവിതരണം തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെന്നും ഈ ഗ്രാമങ്ങളിലെ ജനങ്ങൾ വർഷങ്ങളായി മഹാരാഷ്ട്രയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അവരുടെ ആവശ്യ നിറവേറ്റപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
“തെലങ്കാനയിലെ 14 ഗ്രാമങ്ങൾ മഹാരാഷ്ട്രയിലേക്ക് വരുന്നു. പക്ഷേ അതിർത്തി തർക്കത്തെക്കുറിച്ച് സംസാരിക്കുന്നതിന് താത്‌പര്യമില്ല, അതിർത്തി തർക്കം മറാത്തി ജനതയുടെ ജീവിതത്തിൽ ഒരു പ്രശ്‌നവും ഉണ്ടാക്കരുതെന്നാണ് സർക്കാരിൻ്റെ അഭിപ്രായം, ബെൽഗാം ഭരണകൂടം സ്ഥലം നൽകിയാൽ, ഞങ്ങൾ ഒരു മറാത്തി പഠന വകുപ്പ് സ്ഥാപിക്കും, ഞങ്ങൾ അത്തരം ശ്രമങ്ങളും നടത്തും, കർണാടക സർക്കാരുമായി ഞങ്ങൾ സംസാരിക്കും.” – മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. എന്നാൽ തെലങ്കാന സര്‍ക്കാര്‍ മഹരാഷ്‌ട്ര സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. തങ്ങളുടെ ഭൂമി മറ്റൊരു സംസ്ഥാനത്തിന് വിട്ടുനല്‍കില്ലെന്നാണ് തെലങ്കാന സര്‍ക്കാറിൻ്റെ തീരുമാനം.