2024 ലോക്സഭ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടത്
ന്യൂഡൽഹി: രാജ്യം ലോക് സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ആരംഭം കുറിക്കുന്നത് ഏപ്രിൽ 19നാണ്. ജൂൺ ഒന്നുവരെ വോട്ടെടുപ്പ് നീളും. ജനവിധി അറിയാനുള്ള കാത്തിരിപ്പ് ജൂൺ നാലുവരെ തുടരണം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും എട്ട് സംസ്ഥാനങ്ങളിലെ 26 നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും നടക്കും. ഇവയുടെ ഫലവും ജൂൺ നാലിനാണ് പ്രഖ്യാപിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് ഭംഗം വരുത്തുന്ന Muscle (കൈക്കരുത്ത്), Money (പണം), Misinformation (വ്യാജ പ്രചാരണം), Model Code violations (മാതൃകാ പെരുമാറ്റച്ചട്ട ലംഘനം) എന്നീ നാല് ‘M’ കൾക്ക് പ്രധാന്യം നൽകിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താസമ്മേളനം. ഇക്കുറി ഇവ ഉണ്ടായാൽ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് കമ്മീഷൻ്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാർട്ടികൾക്കുള്ള മാർഗനിർദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രചോദനം നൽകുന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ വേണം നടത്തുവാൻ പാടുള്ളത്.വിദ്വേഷ പ്രസംഗങ്ങൾ പാടില്ല.ജാതിയോ മതമോ പറഞ്ഞ് വോട്ട് തേടാൻ പാടുള്ളതല്ല. പെരുമാറ്റച്ചട്ട ലംഘനങ്ങളും പരിശോധിക്കും,വ്യക്തിജീവിതത്തിലെ കാര്യങ്ങളിൽ വെച്ച് വിമർശനം പാടില്ല.
താര പ്രചരണം അതിരു കടക്കരുത്.വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി ഉണ്ടായിരിക്കുന്നതാണ്.സോഷ്യൽ മീഡിയയിലൂടെയുള്ള അനാവശ്യ, വിമർശനങ്ങളും, പ്രചാരണങ്ങൾ ഒഴിവാക്കണം.സ്ഥാനാർഥികളുടെയോ, പാർട്ടിയുടെയോ ഉള്ളടക്കം വാർത്തയെന്ന നിലയിൽ പ്രചരിപ്പിക്കാൻ പാടുള്ളതല്ല.