നിർണായകമായി എൽഡിഎഫ് യോഗം; അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ

0

തിരുവനന്തപുരം∙ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ. വിഷയം പ്രധാന ചർച്ചയാകുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി. സിപിഐക്കു പുറമേ രണ്ടു ഘടകകക്ഷികള്‍ കൂടി രംഗത്തെത്തിയതോടെ സിപിഎമ്മും സര്‍ക്കാരും സമ്മര്‍ദത്തിലായി. മുന്നണി യോഗത്തിനു മുൻപായി സിപിഎം–സിപിഐ നേതാക്കൾ ആശയവിനിമയം നടത്തി.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍നിന്ന് എഡിജിപിയെ മാറ്റണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. നിലപാട് എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നാ​ണ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് യോജിച്ചതല്ല. ക്രമസമാധാന ചുമതലയിൽനിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റണമെന്നും വർഗീസ് ജോർജ് പറഞ്ഞു.

എഡിജിപിമാരെ മാറ്റുമ്പോൾ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നായിരുന്നു ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. മുൻപ് നടപടി ക്രമം പാലിക്കാത്തതിനാൽ സെൻകുമാർ കേസിൽ സർക്കാരിനു തിരിച്ചടിയുണ്ടായതായും ആന്റണി രാജു പറഞ്ഞു.

എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാണ് സിപിഐ നിലപാട്. ആർഎസ്എസ് ഉന്നതരെ ഊഴംവച്ചു കാണുന്നയാൾ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അജിത് കുമാറിനെ വിശേഷിപ്പിച്ചത്. ഇന്നും തീരുമാനം നീണ്ടാൽ യുക്തമായ പ്രതികരണം ഉണ്ടാകുമെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കാമെന്നാണ് സിപിഎം നിലപാട്. അന്വേഷണം നടക്കുന്ന കാര്യം ഘടകക്ഷികളെ അറിയിക്കും. കുറ്റക്കാരാണെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകുമെന്നും നിലപാട് വ്യക്തമാക്കും. ടി.പി.രാമകൃഷ്ണൻ എൽഡിഎഫ് കൺവീനറായശേഷം നടക്കുന്ന ആദ്യ യോഗമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *