മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി തള്ളണമെന്ന് വിജിലൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളണമെന്ന് വിജിലൻസ് ആവശ്യം. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തെന്നും, അതിന്റെ പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ഹര്‍ജി. എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാൻ കഴിയില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്.
മാത്യു കുഴൽനാടൻ സമർപ്പിച്ച ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവരെ ഉൾപ്പെടുത്തി ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി നൽകുന്നത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു
ഈ ആവശ്യം കോടതി തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമെന്നാണ് അന്ന് കോടതി അറിയിച്ചത്.പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതിയുടെ നിർദേശം. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ സമർപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും.