കുവൈത്ത് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി മന്ത്രിമാർ

0

കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തൃശൂര്‍, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മന്ത്രി കെ. രാജൻ, മന്ത്രി ആര്‍. ബിന്ദു മന്ത്രി സജി ചെറിയാൻ എന്നിവരാണ്  ധനസഹായം വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക്  നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.

തൃശൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന്  റവന്യൂ മന്ത്രി കെ. രാജനും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും ധനസഹായം കൈമാറി.  ആലപ്പുഴ സ്വദേശി മാത്യു തോമസിന്റെ ആശ്രിതര്‍ക്ക് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ധനസഹായം കൈമാറി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹന്‍, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിന്‍ ജിനു ജേക്കബ്, പഞ്ചായത്ത് അംഗം ജോസ് വി ജോണ്‍, മറ്റ് ജനപ്രതിനിധികൾ, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ആലപ്പുഴ ഡെപ്പ്യൂട്ടി കലക്ടര്‍ ജിനു പൊന്നൂസ്, ഡെപ്പ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍ ഖാന്‍.എം.എ, വില്ലേജ് ഓഫീസര്‍ ശ്രീരേഖ, നോര്‍ക്ക റൂട്ട്സ് ജീവനക്കാരായ ബി. പ്രവീണ്‍. ഷീബ ഷാജി എന്നിവരും ജില്ലകളില്‍ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുവൈത്ത് ദുരന്തത്തില്‍ മരണമടഞ്ഞ 18 പേരുടെ കുടുംബംങ്ങള്‍ക്കുളള സഹായധനമാണ് ഇതോടെ കൈമാറിയത്. കൊല്ലം സ്വദേശികളായ സാജൻ ജോർജ്, ലൂക്കോസ് വടക്കോട്ട് ഊന്നുണ്ണി , സുമേഷ് പിള്ള സുന്ദരൻ,  ഷമീർ ഉമറുദ്ധീൻ എന്നിവരുടെയും പത്തനംതിട്ട സ്വദേശിയായ സിബിൻ തേവരോട്ട് എബ്രഹാമിന്റെ  കുടുംബത്തിനുമുളള ധനസഹായം വരും ദിവസങ്ങളില്‍ കൈമാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *