ഡ്രൈവിങ് സ്കൂളുകാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി

കൊട്ടാരക്കര : കെഎസ്ആർടിസിയും മോട്ടോർവാഹനവകുപ്പും സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും തൊഴിൽദ്രോഹ നടപടികളുമായി ഗതാഗതമന്ത്രി മുന്നോട്ടുപോകരുതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി രൂപവത്കരണവും അംഗത്വവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആയിരക്കണക്കിന് ഡ്രൈവിങ് സ്കൂളുകളെ സർക്കാർ സംരക്ഷിക്കണം. ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാനുള്ള കെഎസ്ആർടിസി തീരുമാനം സാധാരണക്കാരായ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്‌സിന്റെ അന്നംമുട്ടിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വിനോദ് ഭാസ്കരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി തുണ്ടിൽ മനോഹരൻ, റിയാസ്, വിഷ്ണു വി. നായർ എന്നിവർ പ്രസംഗിച്ചു.