‘റിപ്പോർട്ടർ ‘ചാനലിനെ ഔദ്യോഗികമായി ബഹിഷ്കരിച്ചതായി പ്രഖ്യാപിച്ച് KPCC
“മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്സ്. ഞങ്ങളെ വേട്ടയാടുമ്പോഴും ആ നിലപാടിൽ ഇന്നേവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ പാലക്കാട് ഇലക്ഷനോട് അനുബന്ധിച്ച് റിപ്പോർട്ടർ പ്രതിനിധി നടത്തിയ കൊടും വർഗ്ഗീയ പ്രചാരണങ്ങൾ നാട്ടിൽ കലാപം പടർത്തുന്നതാണ്. ഇതുവരെയും ആ നീച പരാമർശങ്ങൾ പിൻവലിക്കാനുള്ള സാമാന്യ മര്യാദ ചാനൽ കാണിച്ചിട്ടില്ല”–
കെ.സുധാകരൻ കോണ്ഗ്രസ്സ് ചാനലിനെ ബഹിഷ്ക്കരിക്കാനുണ്ടായ കാരണങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു .
കെ.സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :
“റിപ്പോർട്ടർ ചാനലിനെ ഔദ്യോഗികമായി തന്നെ കോൺഗ്രസ് ബഹിഷ്കരിക്കുകയാണ്.
ചാനലിന്റെ കോൺഗ്രസ് വിരുദ്ധ വർഗ്ഗീയ പ്രചാരണങ്ങളെ വിമർശിച്ചതിന്റെ പേരിൽ സ്ത്രീകളടക്കം പത്തോളം പ്രവർത്തകർക്കെതിരെ ചാനൽ കള്ളക്കേസ് കൊടുത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പ്രവർത്തകരെ സംരക്ഷിക്കുകയും അവർക്ക് വേണ്ട നിയമസഹായം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്സ്. ഞങ്ങളെ വേട്ടയാടുമ്പോഴും ആ നിലപാടിൽ ഇന്നേവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ പാലക്കാട് ഇലക്ഷനോട് അനുബന്ധിച്ച് റിപ്പോർട്ടർ പ്രതിനിധി നടത്തിയ കൊടും വർഗ്ഗീയ പ്രചാരണങ്ങൾ നാട്ടിൽ കലാപം പടർത്തുന്നതാണ്. ഇതുവരെയും ആ നീച പരാമർശങ്ങൾ പിൻവലിക്കാനുള്ള സാമാന്യ മര്യാദ ചാനൽ കാണിച്ചിട്ടില്ല.
അല്പകാലം മുൻപ്, സ്കൂൾ കലോത്സവ സദ്യയിൽ ജാതി വിഷം കലർത്തിയ റിപ്പോർട്ടർ ടിവി അവതാരകൻ, ഇക്കുറി സ്കൂൾ കലോത്സവത്തിന് വന്ന പിഞ്ചുബാലികമാരെ പറ്റി പോലും ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞ പരാമർശങ്ങൾ നടത്തി ചിരിക്കുന്നത് നമ്മൾ കണ്ടു. സമൂഹത്തിൽ വെറുപ്പും അശ്ലീലങ്ങളും മാത്രം പ്രചരിപ്പിച്ചു ഉപജീവനം നടത്തുന്ന ഇത്തരം മാധ്യമ പ്രവർത്തകർ നാടിന് ഭീഷണിയാണ്.
ഏറ്റവും ഒടുവിൽ ഏറെ പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഓഫീസുകൾക്കെതിരെ വരെ വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന നിലയിലേക്ക് ചാനൽ അധ:പതിച്ചു. മാധ്യമപ്രവർത്തനം എന്നാൽ സിപിഎമ്മിന്റെയും ബിജെപിയുടെയും അടിമപ്പണി അല്ലെന്ന് ഇത്തരക്കാർ മനസ്സിലാക്കിയാൽ നന്ന്.
പാർട്ടിക്കെതിരെ നടത്തിയ വർഗ്ഗീയ പരാമർശങ്ങൾ തിരുത്തുന്നത് വരെ ബഹിഷ്കരണം തുടരും.”-
കെ .സുധാകരൻ