കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം
കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്ന് ഐക്യജനാധിപത്യ മുന്നണി കോട്ടയം പാർലമെൻറ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
കോട്ടയത്ത് കോടിമത റോട്ടറി ഹാളിൽ വിളിച്ചുചേർത്ത നേതൃയോഗത്തിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള വിലയിരുത്തൽ ചർച്ച ചെയ്ത ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന്റെ സുനിശ്ചിത വിജയം സംബന്ധിച്ച ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ പരിധിയിൽ വരുന്ന പുതുപ്പള്ളി,കോട്ടയം, കടുത്തുരുത്തി, പാലാ, പിറവം, ഏറ്റുമാനൂർ തുടങ്ങിയ ആറ് അസംബ്ലി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഭൂരിപക്ഷം കരസ്ഥമാക്കുമെന്ന് നേതൃയോഗം വിലയിരുത്തി. വൈക്കം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി നേരിയ ഭൂരിപക്ഷം നേടുമെങ്കിലും മുൻപുള്ള കാലഘട്ടത്തെക്കാൾ മെച്ചപ്പെട്ട വോട്ടിംഗ് നിലവാരം യുഡിഎഫിന് ലഭിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരുന്ന സ്ഥിതിവിശേഷമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യ മതേതര ശക്തികൾ ഒന്നിച്ച് നിൽക്കുന്ന ഒരു ദേശീയ ഗവൺമെൻറ് രാജ്യത്ത് വരണമെന്ന ഉറച്ച നിലപാടാണ് കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്തെ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനും ഭാവി വികസനത്തിനും ബിജെപിയുടെയും ഇടതുപക്ഷത്തിൻ ന്റെയും ജനവിരുദ്ധ സർക്കാരുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോകണം എന്നുള്ള ഉറച്ച നിലപാടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് യുഡിഎഫ് നേതൃയോഗം വിലയിരുത്തി.
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയുടെ സ്വീകാര്യതയും യുഡിഎഫിന് അനുകൂല ഘടകമായിരുന്നു. വികസന മുരടിപ്പിന്റെ തകർച്ചയിൽനിന്ന് കോട്ടയം പാർലമെൻറ് മണ്ഡലത്തെ മോചിപ്പിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാർഥിയുടെ പരാജയവും യുഡിഎഫിന്റെ വിജയവും ജനങ്ങൾ അനിവാര്യമായി കണക്കാക്കിയതായി യോഗം വിലയിരുത്തി.
ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി ത്യാഗോജ്ജ്വലമായി പ്രവർത്തിക്കുകയും വിവിധങ്ങളായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത എല്ലാ വിഭാഗം ജനങ്ങൾക്കും യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി നന്ദി പ്രകടിപ്പിക്കുന്നു.
യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ, യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ,ഇ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം, മുൻ മന്ത്രി കെ സി ജോസഫ്,മാണി സി കാപ്പൻ എം എൽ എ, കെപിസിസി സെക്രട്ടറി റോയി കെ പൗലോസ്,കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ, മുൻ എംപി അഡ്വ. ജോയ് എബ്രഹാം,അഡ്വ. ടോമി കല്ലാനി,യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ ആഗസ്തി, കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ്, ഫിലിപ്പ് ജോസഫ്, യുഡിഎഫ് നേതാക്കളായ അസീസ് ബഡായി,അഡ്വ. ജയ്സൺ ജോസഫ്,ഡോ.ഗ്രേസമ്മ മാത്യു,അഡ്വ. ജോസി സെബാസ്റ്റ്യൻ, പി എ സലിം, പി.ആർ സോന,ടോമി വേദഗിരി, പി. സി അരുൺ,തമ്പി ചന്ദ്രൻ, മദൻലാൽ എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് നന്ദി പ്രകാശിപ്പിച്ചു
ഫോട്ടോ ക്യാപ്ഷൻ
യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് വിലയിരുത്തൽ നേതൃയോഗത്തിൽ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.