‘സുരക്ഷിത തീരം’ പദ്ധതി കൊല്ലം ജില്ലയിൽ വ്യാപിപ്പിക്കാൻ സിറ്റി പോലീസ്

കൊല്ലം : മത്സ്യബന്ധന മേഖലയിലും അനുബന്ധ മേഖലകളിലേയും തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്ന ‘സുരക്ഷിത തീരം’ പദ്ധതി കൊല്ലം ജില്ലയിൽ കൂടുതൽ ഹാർബറുകളിലേക്ക് വ്യാപിപ്പിക്കാൻ സിറ്റി പോലീസ്. പരവൂർ മുതൽ ഓച്ചിറവരെയുള്ള കടലോരമേഖലകളിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനായി സിറ്റി പോലീസ് ആരംഭിച്ച പദ്ധതി ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. അതിഥിത്തൊഴിലാളികളെക്കുറിച്ച് സമഗ്രമായ ഡേറ്റാബേസ് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. ശക്തികുളങ്ങര ഹാർബറിൽ ഇതുവരെ 86 യാനങ്ങളിലെ തൊഴിലാളികളെ പരിശോധനയ്ക്കു വിധേയമാക്കി. ജില്ലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ചുള്ള ആയിരത്തോളം യാനങ്ങളിലെ ആകെ 15,000 തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പദ്ധതിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളുണ്ടാക്കി അനധികൃതമായി കുടിയേറിയ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. ദിവസവും നൂറിലേറെ തൊഴിലാളികളുടെ രേഖകളാണ് പരിശോധിക്കുന്നത്. ആധാർ ബയോമെട്രിക് പരിശോധന നടത്തിയപ്പോൾ വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ആദ്യ അറസ്റ്റ് നടന്നത്. തുടർന്ന് ഇയാൾക്ക് വ്യാജരേഖകൾ നിർമിച്ചുനൽകിയ ആളെയും വ്യാജരേഖകളുമായി എത്തിയ മറ്റൊരു ബംഗ്ലാദേശ് സ്വദേശിയെയും പിടികൂടുകയായിരുന്നു.