കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം ; പൊതുമരാമത്ത് സെക്രട്ടറിക്ക് അന്വേഷണ ചുമതല

0

മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മലപ്പുറം ജില്ലാ കളക്ടർ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ യോഗം വിളിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ എൻഎച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നൽകി. മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സ്വതന്ത്ര വിദഗ്‌ധ സംഘത്തെ എൻഎച്ച്എഐ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദർശിക്കുമെന്നും നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *