തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കെജ്രിവാളിനെ വിലക്കണം :ആവശ്യവുമായി BJP
ദില്ലി: കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകി.കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെയാണ് പരാതി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്.
ദില്ലിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന കെജ്രിവാളിന്റെ പ്രസ്താവന വലിയ വിവാദമായിരിക്കയാണ്.തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ചു.