ഇതാണ് കണ്ണൂരിലെ നിധി
തളിപ്പറമ്പ് : ശ്രീകണ്ഠപുരം പരിപ്പായിയിൽനിന്നു കിട്ടിയ നിധിശേഖരം 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയിൽ തെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർജ് കെ.കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ.വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു തളിപ്പറമ്പ് ആർഡി ഓഫിസിൽ സൂക്ഷിച്ച നിധിശേഖരം പരിശോധിച്ചത്. കാശുമാലകൾ, സ്വർണമുത്തുകൾ, ചെറിയ കർണാഭരണങ്ങൾ, കമ്മലുകൾ, നാണയങ്ങൾ എന്നിവയാണ് നിധിശേഖരത്തിൽ ഉണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് കാശുമാലകളാണ്. വെനീഷ്യയിലെ 3 ഭരണാധികാരികളുടെ (ഡ്യൂക്കുകൾ) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണ നാണയങ്ങൾ ഉപയോഗിച്ചാണു കാശുമാലകൾ നിർമിച്ചതെന്നു കെ.കൃഷ്ണരാജ് പറഞ്ഞു.
1659 മുതൽ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതൽ 1762 വരെ ഭരിച്ച ഫ്രാൻസിസ്കോ കോർഡാൻ തുടങ്ങിയവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണിവ. ഇത്തരത്തിലുള്ള സ്വർണത്തിന്റെ 13 കാശുമാലകളാണു ലഭിച്ചത്. ഫ്രാൻസിസ്കോ കോർഡാന്റെ കാലത്ത് നിർമിച്ച 4 സ്വർണനാണയങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂതിരിയുടെ വീരരായൻ പണം എന്നറിയപ്പെടുന്ന 2 വെള്ളിനാണയങ്ങളാണ് മറ്റൊന്ന്. 1826ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂർ പണം എന്നറിയപ്പെടുന്ന 2 വെള്ളി നാണയങ്ങളും പുതുച്ചേരിയിൽനിന്ന് ഫ്രഞ്ചുകാർ നിർമിച്ച ഇൻഡോ– ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്. പുതുച്ചേരി നാണയങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. കൂടാതെയാണ് 2 സ്വർണമുത്തുകളും ജിമിക്കികളും ലഭിച്ചത്. ഈ നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826ലെ കണ്ണൂർ പണമാണ്. ഇക്കാലത്തിനു ശേഷമായിരിക്കും നിധിശേഖരം ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നാണു നിഗമനം.