കേരള കലാമണ്ഡലത്തിൽ ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്കില്ല

തൃശ്ശൂർ: ബുധനാഴ്ച വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒരു പ്രസക്തിയും ഇല്ലെന്നും കേരള കലാമണ്ഡലത്തിൽ ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്കില്ലെന്നും കേരള കലാമണ്ഡലം രജിസ്ട്രാർ പി രാജേഷ് കുമാർ പറഞ്ഞു. കാലങ്ങളായി ഭക്ഷണത്തോടൊപ്പം കലാമണ്ഡലത്തിൽ മുട്ട നൽകുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കലാമണ്ഡലത്തിൽ മാംസാഹാരങ്ങൾക്ക് ഒരുവിധ വിലക്കും ഇല്ല എന്നും പറഞ്ഞു.
മറ്റുള്ള സ്കൂളുകളിലേതു പോലെയല്ല കലാമണ്ഡലത്തിലെ വിദ്യാഭ്യാസ സമ്പ്രദായം എന്ന് പറഞ്ഞ അദ്ദേഹം ഏറെ കഠിനമായ പരിശീലനങ്ങളാണ് വിദ്യാർഥികൾക്ക് ഉള്ളത് എന്നും പുലർച്ചെ അഞ്ചിന് സാധക ക്ലാസോടെ കലാമണ്ഡലത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നു എന്നും പറഞ്ഞു. കലാമണ്ഡലത്തിൽ മാംസാഹാരം നൽകാൻ തീരുമാനിച്ചത് കുട്ടികളിൽ പലർക്കും ഭക്ഷണത്തിന്റെ അപര്യാപ്തതയും പോഷകാഹാര കുറവും ഉണ്ടായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്നും വിയ്യൂർ ജയിലിൽ നിന്നാണ് കഴിഞ്ഞ ബുധനാഴ്ച ബിരിയാണി എത്തിച്ചത് എന്നും ചിക്കൻ ബിരിയാണി മാസത്തിൽ രണ്ട് തവണയെങ്കിലും നൽകാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മാംസാഹാരങ്ങൾക്ക് കലാമണ്ഡലത്തിൽ നിരോധനം ഇല്ലാത്തതു കൊണ്ടാണ് ഇത്രനാളും ഇത് ചർച്ചയാവാതിരുന്നത് എന്നും വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും എല്ലാം നിലവിൽ ചടങ്ങുകൾക്കും മറ്റും മാംസാഹാരങ്ങൾ പുറത്തുനിന്നും എത്തിക്കാറുണ്ട് എന്നും കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്തും അവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചും കുറച്ചുകൂടി മെച്ചപ്പെട്ട ഭക്ഷണം നൽകുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു