കടക്കരപ്പള്ളി ഗവ. യു പി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

0

 

ആലപ്പുഴ: പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ വർണക്കൂടാരം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ വർണ്ണക്കൂടാരം പോലുള്ള പദ്ധതികളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കളിയിലൂടെ പഠനം എന്ന സന്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതി വിഹിതമായ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.

കുട്ടികളുടെ ഭാഷാശേഷി വളര്‍ത്തുന്നതിന് സഹായിക്കുന്ന ഭാഷാ വികാസയിടം, ലഘുശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം, കളിയിടം തുടങ്ങി 13 പ്രവര്‍ത്തന ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളിൽ വായന, വര, അഭിനയം, സംഗീതം തുടങ്ങിയ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ 13 ഇടങ്ങളും സഹായിക്കും. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ് കെ ഡിപിഒ എസ് മനു പദ്ധതി വിശദീകരിച്ചു. ജിഎൽപിഎസ് കടക്കരപ്പള്ളി സ്കൂളിലെ അധ്യാപകനായ ജയിംസ് ആൻ്റണിയെയും വർണ്ണക്കൂടാരം നിർമ്മാണത്തിൽ പങ്കാളികളായ ഉദയൻ, സജി, ജോർജ്, ജോബിലാൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷിജി, പഞ്ചായത്തംഗം കെ കെ ബീന, എഇഒ ഹെലൻ കുഞ്ഞ്കുഞ്ഞ്, പ്രഥമധ്യാപിക എൻ എസ് ലിജിമോൾ, ബിപിസി അനുജ ആന്റണി, ബിആർസി പരിശീലക കെ എസ് ശ്രീദേവി, സിആർസിസി അമൃത, സ്റ്റാഫ് സെക്രട്ടറി സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *