ജയം രവിക്കെതിരെ ആർതി; എന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ഈ വിവാഹമോചനം

0

 

ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ഭാര്യ ആര്‍തി രവി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയം രവിയുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വിശദമായ പ്രസ്താവന അവർ തുറന്നു പറഞ്ഞത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ആരതി കുറിച്ചു. ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും 18 വർഷത്തെ വിവാഹജീവിതത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെനും ആരതി കുറിച്ചു

‘‘എന്റെ അറിവോ സമ്മതമോ കൂടാതെ നടത്തിയ ഞങ്ങളുടെ വിവാഹവിവാഹമോചനത്തെക്കുറിച്ചുള്ള പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷം പങ്കിട്ട ജീവിതത്തിനു ശേഷം അത്തരമൊരു സുപ്രധാന കാര്യം, അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.

രവിയുമായി ഒരു മനസ്സ് തുറന്ന ചർച്ച നടത്താൻ ഞാൻ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ആ അവസരം എനിക്ക് ലഭിച്ചില്ല. ഞങ്ങൾ തമ്മിലും കുടുംബപരമായുമുള്ള പ്രതിബദ്ധതയെ മാനിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. ഖേദകരമെന്നു പറയട്ടെ ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചുകളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല.

ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ പൊതു അഭിപ്രായങ്ങളിൽ നിന്നു വിട്ടുനിൽക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എന്റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല, കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും മുന്നോട്ട് പോകാൻ എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

അവസാനമായി ഇക്കാലമത്രയും ഞങ്ങൾക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവുമാണ് ഞങ്ങൾക്ക് ശക്തി പകരുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തിൽ ഞങ്ങളുടെ സ്വകാര്യതയോട് അല്പം ബഹുമാനം കാണിക്കണമെന്നും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ ആരതി.’’

കഴിഞ്ഞ ദിവസമാണ് 15 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ജയം രവി രംഗത്തെത്തുന്നത്. ‘‘ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.’’–ജയം രവിയുടെ വാക്കുകൾ.

ഇപ്പോഴും ‘മാരീഡ് ടു ജയം രവി’ എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു. പെട്ടന്നുള്ള ഈ വിവാഹമോചന പ്രഖ്യാപനം ആരാധകർക്കും ഞെട്ടിക്കുന്ന വാർത്തയായി മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *