“ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണ്.”: സുപ്രീം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്ററി നിയമത്തിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫെന്നും ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നതെന്നും മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കവേയാണ് കപില്‍ സിബലിന്റെ വാദം.
മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, തമിഴ്നാട് വെട്രി കഴകം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂല്‍ എംപി മഹുവ മൊയ്ത, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, ആര്‍ജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, മൗലാന അര്‍ഷദ് മഅദനി, അന്‍ജും ഖദ്രി, തയ്യിബ് ഖാന്‍, സാല്‍മനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആര്‍ട്ടിക്കിള്‍ 26നെ മതാചാരവുമായി കുട്ടികുഴയ്ക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 26 മതേതരമാണെന്നും എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞു. പുരാതന സ്മാരകങ്ങളാകും മുമ്പ് വഖഫായിരുന്നത് അങ്ങനെ തന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് ഹൈക്കോടതിയിലേക്ക് തിരികെ വിടണമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
വഖഫ് സ്വത്തിന്റെ സ്വഭാവം ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. വഖഫ് അല്ലെന്ന് ജില്ലാ കളക്ടര്‍ തീരുമാനിച്ചാല്‍ എങ്ങനെ സുതാര്യമായ തീരുമാനമാകുമെന്നും സുപ്രീം കോടതി ചോദിച്ചു. ‘വിധിന്യായത്തെ എങ്ങനെ നിയമ നിര്‍മ്മാണത്തിലൂടെ മറികടക്കും. സുപ്രീം കോടതി അംഗീകരിച്ച വഖഫ് ഉപയോക്താവിനെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണ്. നിലവിലെ വഖഫ് ഉപയോക്താവിന്റെ അവകാശം റദ്ദാക്കുന്നതാണ് നിയമം’, സുപ്രീം കോടതി പറഞ്ഞു.
വഖഫ് ഉപയോക്താവിന്റെ സ്വത്തിന് മേല്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചാല്‍ എന്താകുമെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ചോദിച്ചു. പുരാതന മുസ്‌ലിം മത സ്മാരകങ്ങളുടെ വഖഫ് സ്വഭാവം നഷ്ടപ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളുടെ സംരക്ഷകരാണ് സുപ്രീം കോടതിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
‘നിയമ നിര്‍മ്മാണ സഭയ്ക്ക് ഉത്തരവ് പ്രഖ്യാപിക്കാന്‍ അധികാരമില്ല. മുസ്‌ലിങ്ങളെ ഹിന്ദുമത സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോ? 200 വര്‍ഷം മുന്‍പ് വഖഫ് ആയ സ്വത്ത് ഇപ്പോള്‍ എങ്ങനെ വഖഫ് അല്ലാതാകും. 100 വര്‍ഷം മുന്‍പത്തെ ചരിത്രം തിരുത്താനാവില്ല. വഖഫ് ആയി പരിഗണിക്കുന്ന സ്വത്തില്‍ മാറ്റം വരുത്തരുത്’, സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം ജില്ലാ കളക്ടര്‍മാര്‍ക്ക് നടപടികള്‍ തുടരാമെന്നും എന്നാല്‍ തീരുമാനം സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡുകളില്‍ എക്സ് ഒഫിഷ്യോ അംഗങ്ങളായി അമുസ്‌ലിങ്ങളെ നിയമിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.എന്നാല്‍ മറ്റ് അംഗങ്ങള്‍ മുസ്‌ലിങ്ങള്‍ തന്നെയായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിക്രമങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുസ്‌ലിമിന് വേണ്ടിയുള്ള നിയമമാണിതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഹര്‍ജികളില്‍ കോടതി നാളെയും വാദം കേള്‍ക്കും. മൂന്ന് വിഷയങ്ങളിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.