ഇരിട്ടി സ്വദേശിനിക്ക് യു കെ യൂണിവേഴ്സിറ്റി യിൽ നിന്നും രണ്ട് കോടിയുടെ റിസർച്ച് സ്‌കോളർഷിപ്പ്

കണ്ണൂർ : യുകെ യൂണിവേഴ്‌സിറ്റിയിൽ നിന്നും രണ്ട് കോടിയുടെ റിസർച്ച് സ്‌കോളർഷിപ്പ് കരസ്ഥമാക്കി ഇരിട്ടി പുന്നാട് സ്വദേശിനി മഞ്ജിമ അഞ്ജന. സയൻസ് വിഷയത്തിൽ ഉയർന്ന മാർക്കോടെ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ ശേഷം മുത്തച്ഛന്റെ ആഗ്രഹ പ്രകാരം പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതോടെയാണ് പുന്നാട് നന്ദനത്തിൽ മഞ്ജിമ അഞ്ജനക്ക് വിദേശ യൂണിവേഴ്‌സിറ്റിയുടെ ക്ഷണം ലഭിച്ചത്. യുകെയിലെ വാർവിക് യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻ വിഭാഗത്തിലാണ് നാലുവർഷത്തെ റിസർച്ചിന് രണ്ടുകോടിയുടെ സ്‌കോളർഷിപ്പ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം യൂണിവേഴ്‌സിറ്റിയിൽ എത്താനാണ് നിർദ്ദേശം.
യുകെ ഗവൺമെന്റിന്റെ എക്കണോമിക്‌സ് ആൻഡ് സോഷ്യൽ റിസർച്ച് കൗൺസിൽ ആണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും 25 ലക്ഷം രൂപ വീതം ഫീസും 20 ലക്ഷം രൂപ സ്‌റ്റൈപ്പന്റും ലഭിക്കും. ഇരിട്ടി സിഎംഐ സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എടൂർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും സയൻസ് വിഷയത്തിൽ ഹയർസെക്കൻഡറിയും പൂർത്തിയാക്കിയാണ് മഞ്ജിമ ബിരുദത്തിന് പൊളിറ്റിക്കൽ സയൻസ് തിരഞ്ഞെടുത്തത്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ മുത്തച്ഛന്റെ പ്രോത്സാഹനത്തോടെയാണ് ഈ വിഷയം പഠിച്ചതെന്ന് മഞ്ജിമ പറഞ്ഞു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടുകൂടിയാണ് മഞ്ജിമ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് ഡൽഹിയിലെ ശിവ നാടാർ യൂണിവേഴ്‌സിറ്റിയിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് റിസർച്ചിനായി അവസരം ലഭിച്ചിരിക്കുന്നത്. കൂടാതെ സ്വിറ്റ്‌സർലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്‌കോളർഷിപ്പ് ഓഫറും ലഭിച്ചിരുന്നു. ഇരിട്ടി കാർഷിക ഗ്രാമവികസന ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. പി. ഗോപാലകൃഷ്ണന്റെയും മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക വി. അഞ്ജനയുടെയും മകളാണ്. മാളവികയാണ് സഹോദരി.