ഭാവഗായകന് സ്‌മരണാഞ്ജലിയർപ്പിച്ച് , ഇപ്റ്റയുടെ ജയ സംഗീത ചന്ദ്രിക

0

മുംബൈ: ഇപ്റ്റ കേരളയുടെ മുംബൈ ഘടകം അന്തരിച്ച  ഗായകൻ പി ജയചന്ദ്രനായി ഒരുക്കിയ ‘ജയ സംഗീത ചന്ദ്രിക ‘ അവതരണ വൈവിധ്യം കൊണ്ട് ഭാവഗായകനെകുറിച്ചുള്ള വ്യത്യസ്തമായ  അനുസ്മരണമായി മാറി.

കേരളത്തിൻ്റെ പാട്ടുസംസ്കൃതി നവോത്ഥാന സ്വത്വ നിർമ്മിതിയിൽ വഹിച്ച പങ്കും അതിൽ ജയചന്ദ്രൻ്റെ സ്ഥാനവും തിരിച്ചറിയുന്ന ചരിത്രപരമായ കടമ കൊണ്ടാണ്  ‘ജയ സംഗീത ചന്ദ്രിക’യൊരുക്കിയതെന്ന് ഇപ്റ്റ കേരള മുംബൈ ഘടകത്തിൻ്റെ പ്രവർത്തകർ പറഞ്ഞു.

‘പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനല്ലോ’ എന്ന് പാട്ടിൻ്റെ പരിവർത്തന സാധ്യതയെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്, ഇപ്റ്റയുടെ ഭാഗമായിരുന്ന കെ പി എ സി ഗാനത്തിലാണെന്ന് നാലു മണിക്കൂർ നീണ്ട അനുസ്മരണ യോഗത്തിൽ ഇപ്റ്റ ഓർത്തു.

ഈ പരിവർത്തനം പടപ്പാട്ടുകളിലൂടെ മാത്രമല്ലെന്നും സൗന്ദര്യത്തിൻ്റെ സമസ്ത മേഖലകളിലും വരുത്തുന്ന പുതുമയിലൂടെക്കൂടിയാണെന്നും മനസ്സിലായാൽ ജയചന്ദ്രൻ എങ്ങനെയാണ് മലയാളിയുടെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമാവുന്നത് എന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ജയ സംഗീത ചന്ദ്രിക അനുസ്മരണം വെളിപ്പെടുത്തി.

സാംസ്കാരിക പ്രവർത്തകയും പി ജയചന്ദ്രനെ ഗാനലോകത്തേക്ക് കൈ പിടിച്ച് കൊണ്ട് വന്ന കെ വി രാമനാഥൻ്റെ മകളും നാടക പ്രവർത്തകയുമായ രേണു രാമനാഥൻ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് അനുസ്മരണത്തിൻ്റെ
ഉദ്ഘാടനം നിർവ്വഹിച്ചത്.

വാട്ട്സാപ്പ് വഴിയാണ് ജയചന്ദ്രനുള്ള ഈ ഇപ്റ്റയുടെ തിലോദകം സംഘടിപ്പിക്കപ്പെട്ടത്.

വിശ്രുത സിനിമാ ഗാനരചിയിതാവ് നിധീഷ് നടേരി, അഡ്വ ശ്രീനിവാസൻ കോഴിക്കോട്, സുമേഷ് പി എസ്,
പ്രേം കുമാർ മുംബൈ, അനൂപ് കുമാർ കളത്തിൽ, ശ്യാംലാൽ മണിയറ, കൃഷ്ണപ്രിയ, സജിത്, മധു നമ്പ്യാർ, മായാദത്ത്, മനോജ് രാം മോഹൻ, മിനി മനോജ്, നന്ദൻ കാക്കൂർ, എം പി ആർ പണിക്കർ, സി പി കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ അനുസ്മരണങ്ങൾ പങ്കിട്ടു.

സിദ്ധിജ രമേഷ്, ശ്രീരാം അയ്യർ , ജന്യ പ്രവീൺ നായർ , മഹേശ്വർ,അർജ്ജുൻ കേശവൻ, അഭിനവ് ഹരീന്ദ്രനാഥ്, അശ്വിൻ നമ്പ്യാർ, അനുശ്യാം, അശ്വതി പ്രേമൻ , ശരണ്യ രോഹിത്, പ്രണവ് നായർ എന്നിവർ ജയചന്ദ്രഗീതികൾ ആലപിച്ചു.

ആസ്ത്രലിയയിൽ നിന്ന്അനൂപ് ശിവശങ്കരൻ ഇപ്റ്റയ്ക്ക് വേണ്ടി പാടിയതും പി ജയചന്ദ്രന് വേണ്ടി സംഗീതമൊരുക്കിയവരും വരികളെഴുതിയവരും സംഗീതം പകർത്തിയവരും ഓർമ്മകളും ഗാനങ്ങളും പങ്കു വെച്ചത് അനുഭവവേദ്യമായി.

ഗാനങ്ങളുടെ ഏകോപനം അജിത് ശങ്കരൻ, ബിജു കോമത്ത് എന്നിവർ നിർവ്വഹിച്ചു.

വി ആർ സുകുമാരൻ, സുബിൻ, പ്രേമൻ ഇല്ലത്ത്, ഷൈജ ബിജു, നിഷ ഗിൽബർട്ട്, സുനിത എഴുമാവിൽ, രേണു മണിലാൽ, അനിൽ പ്രകാശ്, സവിത കുറുപ്പ്, സുമലത നായർ, മോഹനൻ, ശ്രീകാന്ത് അയ്യർ, ഷോളി, സതികുമാർ, സ്മിത, അനീഷ് കുമാർ, ബാബു എൻ കെ , വി സുബ്രഹ്മണ്യൻ, ഫൈസൽ വൈത്തിരി എന്നിവർ ചർച്ചയിൽ പങ്കാളികളായി.

ജി വിശ്വനാഥൻ ആമുഖം പറഞ്ഞ ജയ സംഗീത ചന്ദ്രികയിൽ ഷാബു ഭാർഗവൻ സ്വാഗതവും, ഡിംപിൾ ഗിരീഷ് നന്ദിയും പറഞ്ഞു. ചർച്ച പി ആർ സഞ്ജയ് നിയന്ത്രിച്ചു.

റിപ്പോർട്ട് :പി.ആർ .സഞ്ജയ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *