ഇന്ത്യ പാക് സംഘര്‍ഷം : മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിവാഹം

ജോധ്പൂർ:മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിവാഹിതരായി യുവതിയും യുവാവും. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലാണ് മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ദമ്പതികള്‍ വിവാഹിതരായത്. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാഹ ചടങ്ങുകള്‍ ഇരുട്ടില്‍ നടന്നത്.
പാവ്ത പ്രദേശത്ത് ഇന്നലെ (മെയ് 8) രാത്രി വിവാഹച്ചടങ്ങുകള്‍ നടക്കുകയായിരുന്നു.വിവാഹ ജീവിതത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്ന ഹിന്ദു വിവാഹത്തിലെ ഒരു പ്രധാന ആചാരമായ ‘ഫെറാസ്’ നടക്കുന്ന സമയത്തായിരുന്നു വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. (വിവാഹ ജീവിതത്തിലെ വധുവരന്‍മാരുടെ ഏഴ് പ്രതിഞ്ജകളാണ് ഫെറാസ്) ഈ ആചാരത്തിൽ, വധുവും വരനും പരസ്‌പരം നേർച്ചകളും പ്രാർത്ഥനകളും ചൊല്ലി അഗ്നിയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യണം. ദമ്പതികള്‍ അവരുടെ ചടങ്ങ് ആരംഭിച്ചപ്പോഴാണ് വൈദ്യുതി മുടങ്ങിയത്. വിവാഹം നടക്കുന്ന വേദി ഇരുട്ടിലായതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ചടങ്ങുകള്‍ പകുതി വഴിയില്‍ നിര്‍ത്തുന്നത് മോശമായി കണക്കാക്കപ്പെട്ടതിനാലാണ് അത് പൂർത്തിയാക്കാൻ ഇരുവിഭാഗവും തീരുമാനിച്ചത്. തുടര്‍ന്ന് ചടങ്ങിൽ ഒത്തുകൂടിയ അതിഥികളും കുടുംബാംഗങ്ങളും മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ ഓണാക്കി, അഗ്നിക്ക് ചുറ്റുമുള്ള പ്രദക്ഷിണം പൂർത്തിയായി. ചടങ്ങുകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് യുവാവ് യുവതിക്ക് താലി ചാര്‍ത്തിയത്.രാജ്യത്തിന്‍റെ സുരക്ഷയെ മുന്‍നിര്‍ത്തി അധികൃതര്‍ വൈദ്യുതി നിരോധനം ഏര്‍പ്പെടുത്തിയതോടെ മൊബൈൽ ഫോണുകളുടെ വെളിച്ചത്തില്‍ വിവാഹം നടന്നത്. ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത്, വ്യോമാക്രമണ ഭീഷണികളിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനായി രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ രാത്രികാല വൈദ്യുതിനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യനഗരി പ്രദേശത്തെ നിരവധി വിവാഹ ചടങ്ങുകൾ വൈദ്യുതിനിരോധനം മൂലം തടസ്സപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.