മോഡൽ കോളേജിൻ്റെ നിർമ്മാണം പൂർത്തിയായ നിലകളുടെ ഉദ്‌ഘാടനം ജൂലായ് 11 ന് , മുഖ്യാതിഥി : ഗോവ ഗവർണ്ണർ

0

ആഘോഷ നിറവിൽ പുതിയ പഠന മുറികൾ ഉദ്ഘാടനം ചെയ്യപ്പെടുന്നു

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ കോളേജ് (കമ്പൽപാഡ)കെട്ടിടത്തിൻ്റെ മൂന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കി, പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സംഘടിപ്പിക്കുന്ന ഉദ്ഘാടന, ആഘോഷ ചടങ്ങിൽ ഗോവ ഗവർണ്ണർ ഡോ.പിഎസ് .ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും .

ജൂലായ് 11 ,വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ ഡോംബിവ്‌ലി എംഎൽഎയും മുൻ ക്യാബിനറ്റ്‌ മന്ത്രിയുമായ രവീന്ദ്ര ചവാൻ,എംഎൽഎ രാജേഷ് മോറെ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളുടേയും സമാജം കലാവിഭാഗത്തിൻ്റെ യും
വൈവിധ്യമാർന്ന കാലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.

ഡോംബിവ്‌ലി നിവാസികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉയർന്ന തൊഴിലവസരങ്ങൾ സംഭാവന ചെയ്യുന്ന ‘മോഡൽ ‘

പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു കഴിഞ്ഞ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആരംഭ കാലത്ത് അന്നത്തെ പ്രവർത്തകരിൽ മുളപൊട്ടിയ ചിന്തയാണ് കൂട്ടായ്‌മയുടെ കീഴിൽ സ്വന്തമായൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണം എന്നത് .അതിനുള്ള പ്രവർത്തനം ആരംഭിക്കുന്നത് 1965 ലാണ് .72 -73 കാലത്താണ് സ്‌കൂളിന് വേണ്ടിയുള്ള ആദ്യത്തെ തറക്കല്ലിടുന്നത് .  പിന്നീടുള്ളത് വളർച്ചയുടെ,  ഡോംബിവ്‌ലിയിലെ വിദ്യഭ്യാസരംഗത്തെ വികസനത്തിന്റെ ചരിത്രം.

ജൂനിയർ കെ.ജി മുതൽ ഹൈസ്‌കൂൾ വരെ പ്രവർത്തിച്ചു വന്നിരുന്ന മോഡൽ സ്‌കൂളിന് , കോളേജ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചത് 1989 ജൂലൈ ആറിനാണ്. അവിടെ നിന്ന് ആരംഭിക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള മോഡൽ കോളേജിൻ്റെ വിജയഗാഥ.
1989-ൽ ഡോംബിവ്‌ലിയിലെ (കിഴക്ക്) എം.ഐ.ഡി.സിയിലാണ് മോഡൽ കോളേജ് സ്ഥാപിതമാകുന്നത്. അതിനുശേഷം, മികച്ച പഠനരീതികളിലൂടെ കോളേജ് അസാധാരണമായി വളർന്നു. കഴിഞ്ഞ 13 വർഷമായി, കൊമേഴ്‌സിലെ പരമ്പരാഗത ഗ്രാന്റ്-ഇൻ-എയ്ഡ് കോഴ്‌സുകൾ മാത്രമല്ല, സെൽഫ് ഫിനാൻസിംഗ്, ബി.എം.എസ്, ബി.കോം അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, ബി.കോം ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ്, ബി.കോം ഫിനാൻഷ്യൽ മാർക്കറ്റുകൾ തുടങ്ങിയ കൊമേഴ്‌സ് സ്ട്രീമിലെ തൊഴിൽ അധിഷ്ഠിത കോഴ്‌സുകളും കോളേജ് നൽകിവരുന്നു. ഇവ കൂടാതെ, തൊഴിൽ രംഗത്ത് മികച്ച അവസരങ്ങൾ ഉറപ്പാക്കാൻ ജൂനിയർ കോളേജ് തലത്തിൽ ബി.എസ്‌സി ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, മാസ് മീഡിയ ആൻഡ് സയൻസിൽ ബാച്ചിലർ തുടങ്ങിയ മറ്റ് പ്രൊഫഷണൽ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. 2009 മുതൽ അക്കൗണ്ടൻസി, മാനേജ്‌മെന്റ്, ബാങ്കിംഗ് ആൻഡ് ഫിനാൻസ് എന്നിവയിൽ എം.കോം ബിരുദാനന്തര കോഴ്‌സുകൾക്കുള്ള കേന്ദ്രവും കോളേജ് നടത്തുന്നുണ്ട്.മുംബൈയിലെ സ്വയംഭരണാധികാരമുള്ള (autonomous) അപൂർവ്വം കോളേജുകളിലൊന്നാണ് മോഡൽ കോളേജ് .

2006-2007 വർഷത്തിൽ കോളേജിന് “എ ഗ്രേഡ്” ലഭിച്ചു, 2014-15 വർഷത്തിൽ എൻ.എ.എ.സി കോളേജിന് “എ ഗ്രേഡ്” നൽകി. ന്യൂനപക്ഷ സ്ഥാപനമായ കോളേജിന് യു.ജി.സി. അംഗീകാരം 2(f) 12 (B) ലഭിച്ചു. കോളേജ് ഇപ്പോൾ ന്യൂഡൽഹിയിലെ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ സ്ഥിര അംഗീകാരവും നേടിയിട്ടുണ്ട്.

താക്കുർളിക്ക് സമീപമുള്ള (ഡോംബിവലി/ ഈസ്റ്റ് )കമ്പൽപാടയിലെ നിലവിലുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2012ൽ ആരംഭിക്കുകയും അഞ്ച് നിലയിൽ നിർമ്മാണം പൂർത്തിയാക്കിയ ശേഷം, 2015ൽ ഉദ്ഘാടനം ചെയ്‌തു. 2025ൽ അത് ഏഴ് നിലയായി ഉയർന്നു കഴിഞ്ഞിരിക്കുന്നു. രണ്ടു വർഷം മുമ്പാണ് ഇതിൻ്റെ നിർമ്മാണം ആരംഭിച്ചിരുന്നത് .
ക്ലാസ്സ്‌ മുറികൾ ,കമ്പ്യുട്ടർ ലാബ്‌ ,വിശാലമായ ലൈബ്രറി ,പ്രിൻസിപ്പലിനും അധ്യാപകർക്കുമുള്ള ഓഫീസ് മുറികൾ , ഏകദേശം ഇരുനൂറ്റി പതിനഞ്ചോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഈ നിലകളിലുണ്ട് .

ഡോംബിവ്‌ലിയിലും താനെ ജില്ലയിൽ തന്നെ വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ വൻ പുരോഗതിയിൽ കേരളീയ സമാജത്തിൻ്റെ മോഡൽ വിദ്യാലയങ്ങൾക്ക് പ്രമുഖ സ്ഥാനമുണ്ട് . വർഷങ്ങളായി പത്തിലും പന്ത്രണ്ടിലുമൊക്കെ നടക്കുന്ന പരീക്ഷകളിൽ നൂറുശതമാനം വിജയമാണ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സമ്മാനിക്കുന്നത് .കലാകായിക രംഗങ്ങളിലും മോഡൽ -സ്‌കൂൾ ,കോളേജു വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു .
ഇതിനെല്ലാം അകമഴിഞ്ഞ പിന്തുണ നൽകി സമാജം ഭരണസമിതിയും സമാജം അംഗങ്ങളും മോഡലിൻ്റെ വളർച്ചയോടൊപ്പം സഞ്ചരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *