കേരളത്തിൽ ഇന്നുമുതൽ മദ്യവിലയിൽ വർദ്ധനവും 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതിയും !
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ വർദ്ധനവ് . മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തില്‍ വരും. ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വിൽപ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്‌കോ.
10 രൂപ മുതല്‍ 50 രൂപ വരെ വിലയാണ് വര്‍ധിച്ചത്. 1500 രൂപക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്. സ്‌പിരിറ്റ് വിലവർധനയും ആധുനിക വൽക്കരണവും പരിഗണിച്ച് മദ്യവിൽപന വർധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്‌കോ ബോർഡ് യോഗം അംഗീകാരം നൽകിയത്.
ഇന്ന് മുതൽ 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതി നൽകി . പരിഷ്‌കരിച്ച വില നിലവാരത്തിൽ 320 ബ്രാൻഡുകൾ കൂടി വിപണിയിലെത്തും. പുതുതായി 16 കമ്പനികളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ റേറ്റ് കോൺട്രാക്‌ടിലാണെന്ന് ബെവ്‌കോ എംഡി ഹർഷിത അറിയിച്ചു.
പുതിയ വിതരണക്കാരിൽ നിന്നും പുതിയ ബ്രാൻഡ് ഇന്ത്യൻ നിർമിത വിദേശ മദ്യം, വിദേശ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവ ബെവ്‌കോ ഔട്ട്ലെറ്റുകളിലെത്തും. നിലവിലുള്ള വിതരണക്കാർ 904 പുതിയ ബ്രാൻഡുകളും ഇന്നു മുതൽ വിപണിയിലെത്തിക്കും. ഇന്നു മുതൽ 45 വിതരണക്കാരിൽ നിന്നെത്തുന്ന 107 ബ്രാൻഡുകൾക്ക് വില കുറയുമെന്നും ബെവ്‌കോ ഫിനാൻസ് ജനറൽ മാനേജർ അഭിലാഷ് വ്യക്തമാക്കി.341 ബ്രാൻഡുകൾക്കാണ് വില വർധിപ്പിച്ചത്. 301 ബ്രാൻഡുകളെ വില വർധനവ് ബാധിച്ചിട്ടില്ല. പുതുക്കിയ വില നിലവാരത്തിലാണ് ഇന്ന് സംസ്ഥാനത്തെ മദ്യ വില്‍പന. പുതുതായി വോഡ്‌ക, വിസ്‌കി, റം, ബിയർ ഏന്നീ ഇനങ്ങളാക്കും പുതിയ ബ്രാൻഡുകളായി എത്തുക. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ മദ്യ നിർമാണ ലൈസന്‍സുകളും ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ്ങിനുള്ളതാണ്.ഡിസ്റ്റിലറി ലൈസന്‍സാണ് സ്‌പിരിറ്റ് നിര്‍മാണ ലൈസന്‍സ്. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ് എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് പുറത്ത് നിന്നും സ്‌പിരിറ്റ് സംസ്ഥാനത്തെത്തിച്ച് മദ്യമാക്കി മാറ്റി കുപ്പികളില്‍ നിറച്ച് ബിവറേജസ് കോര്‍പ്പറേഷന് വില്‍പന നടത്തുന്നതിനെയാണ്. ഈ ലൈസന്‍സുളള കമ്പനികളാണ് 18 എണ്ണവും. ഇതില്‍ രണ്ടെണ്ണം ബിയർ നിര്‍മിക്കുന്ന ബ്രൂവറികളാണ്.
ലൈസന്‍സുള്ള 18 കമ്പനികളില്‍ ചേര്‍ത്തലയിലെയും പാലക്കാട്ടെയും മക്‌ഡോവല്‍ കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കാള്‍സ്, പാലക്കാട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബിവറീസ് അഥവാ കിങ്‌ഫിഷര്‍ (കെഎഫ്) എന്നിവയാണ് ബ്രൂവറികൾ.
.