ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ ഇടവിള കൃഷിക്ക് തുടക്കം

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ വനിത സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള (ജെഎൽജി ഗ്രൂപ്പുകൾ) ഇടവിളകൃഷി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വീയപുരം കൃഷിഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു നിർവഹിച്ചു. ചേന, വെട്ടുചേമ്പ്, കാച്ചിൽ എന്നിവയാണ് ഇടവിളകൃഷിക്കായി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 5000 രൂപ ചെലവിൽ 67.5 കിലോ നടീല്‍ വസ്തുക്കളാണ് നൽകിയത്. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ 100 ഗ്രൂപ്പുകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ചടങ്ങിൽ വീയപുരം ഗ്രാമപഞ്ചായത്തിലെ 28 ഗ്രൂപ്പുകൾകൾക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന അധ്യക്ഷയായി. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി എ ഷാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ പ്രസാദ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ പി ഡി ശ്യാമള, മായ ജയചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ചന്ദ്രൻ, സുമതി, ലില്ലിക്കുട്ടി, ജയകൃഷ്ണൻ, ജോസഫ് എബ്രഹാം, വികസനസമിതി അംഗം സൈമൺ എബ്രഹാം, എഡിഎ ബെറ്റി വർഗീസ്, കൃഷി ഓഫീസർ സി എ വിജി, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ് മുരളീധരൻ, കൃഷി അസിസ്റ്റന്റ് ബി എസ് ഇന്ദുലേഖ, ജെഎൽജി ഗ്രൂപ്പ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.