ഗുരുതര രോഗമുള്ള പിഞ്ചുബാലന് ചികിത്സ വേണ്ടെന്ന് വച്ച് മടങ്ങി കുടുംബം; തിരികെ എത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി ആശുപത്രി സൂപ്രണ്ട്

0

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിൽ ഗുരുതര രോഗമുള്ള രണ്ടര വയസുകാരൻറെ ചികിത്സ വേണ്ടെന്ന് വെച്ച് ഊരിലേക്ക് മടങ്ങിയ കുടുംബത്തെ കണ്ടെത്താൻ ആംബുലൻസ് ഡ്രൈവറായി ആശുപത്രി സൂപ്രണ്ട്. കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭനാണ് കുട്ടിയെ തിരികെയെത്തിച്ചത്. ആശുപത്രിയിലെത്തിച്ച കുട്ടി സുഖം പ്രാപിച്ചു വരികയാണ്.

കടുത്ത ചുമയും ശ്വാസ തടസവും തൂക്കക്കുറവുമായി ഓഗസ്റ്റ് 14 ന് വൈകീട്ടാണ് വനമേഖലയിലെ ഗലസി ഊരിൽ നിന്നും രണ്ടര വയസുകാരനെയും കൊണ്ട് രക്ഷിതാക്കളെത്തിയത്. അടിയന്തര ചികിത്സാ വിഭാഗത്തിലേക്ക് കുഞ്ഞിനെ മാറ്റി. രണ്ടാംഘട്ട പരിശോധനയ്ക്കായി ഡോക്ടറെത്തിയപ്പോഴേക്കും ചികിത്സ വേണ്ടെന്നും പറഞ്ഞ് അധികൃതരെ അറിയിക്കാതെ മാതാപിതാക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി.

കുട്ടിയെയും കുടുംബത്തേയും കാണാനില്ലെന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസിലും വനം വകുപ്പിനും ഐടിഡിപിക്കും ആരോഗ്യവകുപ്പിനും എസ്ടി പ്രമോട്ട൪ക്കും വിവരം കൈമാറി. വനം ചെക്ക് പോസ്റ്റുകളിൽ അടിയന്തര സന്ദേശവും നൽകി. രാത്രി 10.45 ന് കുടുംബം കൽക്കണ്ടിയിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരമെത്തി. ആംബുലൻസുണ്ട്, രാത്രി സേവനത്തിന് ഡ്രൈവർമാരില്ല, ഇതോടെ സൂപ്രണ്ട് തന്നെ ഡ്രൈവ് ചെയ്ത് ഊരിലേക്ക് പോവുകയായിരുന്നു.

ശക്തമായ മഴയത്ത് 22 കിലോമീറ്റർ ദുർഘട പാതയും താണ്ടിയാണ് പത്മനാഭനും സംഘവും കുടുംബത്തിനരികിലെത്തിയത്. കുഞ്ഞിന് ചികിത്സ നൽകേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി കുഞ്ഞിനെ ആശുപത്രിയിൽ തിരിച്ചെത്തിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *