വീട്ടിൽ രാസലഹരി നിർമാണം: കോളജ് വിദ്യാർഥികൾ അടക്കം 7 പേർ അറസ്റ്റിൽ

0

 

ചെന്നൈ ∙  കൊടുങ്ങയ്യൂരിലെ വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന നടത്തിയ 5 കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. രസതന്ത്ര വിദ്യാർഥിയും 4 എൻജിനീയറിങ് വിദ്യാർഥികളുമാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റമിൻ പിടികൂടി. ഇംഗ്ലീഷ് ടിവി സീരീസ് കണ്ടാണ് ഇവർ വീട്ടിൽ ലാബ് ഒരുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫ്ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുൺകുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യൻ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിയാണ്. പ്രവീൺ, കിഷോർ, നവീൻ, ധനുഷ് എന്നിവർ അടുത്തയിടെ റോബട്ടിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയവരാണ്.

ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി. ചില രാസവസ്തുക്കൾ ഓൺലൈനിൽനിന്നു വാങ്ങിയതായി കണ്ടെത്തി. കേസിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ലഹരിമരുന്ന് വാങ്ങാൻ ബെംഗളൂരുവിൽ നിന്നടക്കം ആവശ്യക്കാരെത്തിയിരുന്നതായി പൊലീസ് പറയുന്നു. 2 മൊബൈൽ ഫോണുകൾ, ഒരു കെമിക്കൽ വെയിങ് മെഷീൻ, ലാബ് ഉപകരണങ്ങൾ, ജാറുകൾ, ടെസ്റ്റ് ട്യൂബുകൾ, പിപ്പറ്റുകൾ, ബ്യൂററ്റുകൾ, ഗ്ലാസ് ജാറുകളിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത രാസവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു. പുതുതായി രൂപീകരിച്ച ആന്റി ഡ്രഗ് ഇന്റലിജൻസ് യൂണിറ്റാണു സംഘത്തെ കുടുക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *