മോദിയുമായി കൂടിക്കാഴ്ച നടത്തി ഹേമന്ത് സോറൻ
ന്യൂഡൽഹി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റ ഹേമന്ത് സോറൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജയിൽ മോചിതനായ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുമായി ജാർഖണ്ഡ് മുക്തി മോർച്ചാ പാർട്ടി ചെയർമാനായ ഹേമന്ത് സോറൻ കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഭാര്യ കൽപന മുർമുവിനൊപ്പം ഡൽഹിയിലെത്തിയ ഹേമന്ത് സോറൻ സോണിയാ ഗാന്ധി, സുനിത കേജ്‍രിവാൾ എന്നിവരെ സന്ദർശിച്ചിരുന്നു. ബിജെപി നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണെന്നാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഹേമന്ത് സോറൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച സോറൻ, ജൂൺ 28ന് ജയില്‍ മോചിതനായി. പിന്നാലെ ജൂലൈ 4ന് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. വിശ്വാസവോട്ടെടുപ്പിൽ 45 എംഎൽഎമാരുടെ പിന്തുണയാണ് ഹേമന്ത് സോറന് ലഭിച്ചത്.