കൊച്ചിയിൽ കനത്ത മഴ !കേരളത്തിൻറെ പല ഭാഗങ്ങളിലും മഴതുടരുന്നു

0
MAZHA

എറണാകുളം: കൊച്ചിയിൽ കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ജില്ലയിൽ റെഡ് അലർട്ടാണ്. അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ രാവിലെയാണ് തോർന്നത്. ഇതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, മരട്, പേട്ട തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ രാവിലെ ജോലിക്കു പോകുന്നവരും സ്കൂളിൽ പോയ കുട്ടികളും ഏറെ ബുദ്ധിമുട്ടി. അതിശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നില്ല. ഇത് പൊതുജനങ്ങളിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.തൃപ്പൂണിത്തുറ പേട്ടയിൽ റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങിയ ഓൺലൈൻ ടാക്സി കാർ കാനയിൽ വീണു. ഗൂഗിൾ മാപ്പ് ആശ്രയിച്ച് പോവുകയായിരുന്ന കാർ വഴിതെറ്റി ഇടറോഡിലേക്ക് ഇറങ്ങിയതിനെത്തുടർന്നാണ് കാനയിലേക്ക് വീണത്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് മടങ്ങുകയായിരുന്ന കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഡ്രൈവർ ഡോർ തുറന്ന് രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ കയറുകൊണ്ട് കെട്ടിവലിച്ചാണ് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്ന കാർ പുറത്തെടുത്തത്.നഗരത്തിൽ ചെറിയ മഴയിൽ പോലും വെള്ളമുയരാറുള്ള എംജി റോഡ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കാര്യമായ വെള്ളക്കെട്ട് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചി കോർപറേഷന്റെയും ജില്ല ഭരണകൂടത്തിൻ്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടന്നു വരുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഫലമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂൺ മാസത്തിൽ ശക്തമായ മഴ പെയ്തിട്ടും നഗരത്തിൽ വെള്ളക്കെട്ട് ഇല്ലാത്തതിൻ്റെ പേരിൽ ഹൈക്കോടതി കൊച്ചി കോർപറേഷനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ചക്രവാതച്ചുഴിക്ക് സാധ്യത

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസത്തേക്ക് ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 5 മുതൽ 8 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 5 മുതൽ 6 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *