ശ്രീനാരായണഗുരുവിന്റെ സമാധി

ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. തന്നെ ചികിത്സിക്കാനെത്തിയ അന്നത്തെ കാലത്തെ മഹാവൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരു മുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു. 1928 ജനുവരി 18 ന് കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.
1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ രോഗ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല മഹാവൈദ്യന്മാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചത്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നു