ഗൂഗിൾ വാർഷികം- ‘മെയ്‌ഡ് ബൈ ഗൂഗിൾ’ ഓഗസ്റ്റ് 20ന്

ഹൈദരാബാദ്: ഗൂഗിളിന്‍റെ വാർഷിക പരിപാടിയായ ‘മെയ്‌ഡ് ബൈ ഗൂഗിൾ’ ഓഗസ്റ്റ് 20ന് നടക്കും . യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിന് ആതിഥേയത്വം വഹിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിരിച്ചു . പിക്‌സൽ പോർട്ട്ഫോളിയോയിലുള്ള ഉപകരണങ്ങൾക്ക് പരിപാടിയിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തും.
വരാനിരിക്കുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പിക്‌സൽ 10 സ്‌മാർട്ട്‌ഫോൺ സീരീസും ഒപ്പം പിക്‌സൽ വാച്ചിന്‍റെയും ബഡ്‌സിന്‍റെയും ഏറ്റവും പുതിയ പതിപ്പും പുറത്തിറക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ഉപകരണങ്ങളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നും ലോഞ്ച് ഇവന്‍റ് എപ്പോൾ, എവിടെ കാണാമെന്നും പരിശോധിക്കാം.പരിപാടിക്കായുള്ള ക്ഷണക്കത്തുകൾ ഗൂഗിൾ അയച്ചുതുടങ്ങിയിട്ടുണ്ട്. ഇതനുസരിച്ച്, ഓഗസ്റ്റ് 20ന് നടക്കും. ന്യൂയോർക്ക് സിറ്റിയിൽ ഉച്ചയ്ക്ക് 1 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) ആയിരിക്കും ആരംഭിക്കുക. ഗൂഗിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ് ചാനൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി പരിപാടിയുടെ തത്സമയ സ്ട്രീമിങ് കാണാൻ കഴിയും.
സൂചനകൾ ശരിയാവുകയാണെങ്കിൽ, ഗൂഗിൾ പിക്‌സൽ 10 സീരീസിന്‍റെ ലോഞ്ചായിരിക്കും ഈ പരിപാടിയുടെ പ്രധാന ആകർഷണം. പിക്‌സൽ 10, പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ XL, പിക്‌സൽ 10 പ്രോ ഫോൾഡ് എന്നീ ഫോണുകൾ ഈ സീരിസിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഈ സീരിസിൽ പ്രധാന ഡിസൈൻ മാറ്റങ്ങളേക്കാൾ ആന്തരിക മെച്ചപ്പെടുത്തലുകൾ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം. പവർ കാര്യക്ഷമതയ്ക്കും തെർമൽ മാനേജ്‌മെന്‍റിനുമായി പിക്‌സൽ 10 സീരീസിൽ ഗൂഗിൾ ടെൻസർ ജി5 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മാത്രമല്ല, 2025ലെ ഗൂഗിൾ I/O ഇവന്‍റിൽ അവതരിപ്പിച്ച ആൻഡ്രോയിഡ് 16 ഓപ്പറേറ്റങ് സിസ്റ്റത്തിൽ ഈ ലൈനപ്പിലെ ഫോണുകൾ പ്രവർത്തിക്കാനും സാധ്യതയുണ്ട്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റംഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ജനറേറ്റീവ് എഐ സവിശേഷതകൾ ഉപയോഗിച്ചേക്കും.പിക്‌സൽ 10 സീരീസിന് പുറമെ ഗൂഗിൾ ഒരു പുതിയ വെയറബിൾ ഉപകരണം പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. ഗൂഗിൾ പിക്‌സൽ വാച്ച് 4 ആയിരിക്കാനാണ് സാധ്യത. പിക്‌സൽ വാച്ച് 3ൽ ഉപയോഗിക്കുന്ന ട്രെൻഡ് പിന്തുടർന്നുകൊണ്ട് വാച്ച് 4ഉം രണ്ട് വ്യത്യസ്‌ത വലുപ്പങ്ങളിൽ വാഗ്‌ദാനം ചെയ്യാനാണ് സാധ്യത. കൂടുതൽ ബാറ്ററി ലൈഫ്, ഫിറ്റ്നസ് ട്രാക്കിങ് കാപ്പബിലിറ്റീസ്, ഫിറ്റ്ബിറ്റ് സേവനങ്ങളുമായുള്ള സംയോജനം എന്നിവ പുതിയ സ്‌മാർട്ട്‌വാച്ചിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
മൗണ്ടൻ വ്യൂ ആസ്ഥാനമായുള്ള കമ്പനി വരാനിരിക്കുന്ന വാർഷിക പരിപാടിയിൽ ഗൂഗിൾ പിക്‌സൽ ബഡ്‌ഡ് 2എ പുറത്തിറക്കിയേക്കാം. നിലവിലുള്ള പ്രീമിയം വയർലെസ് ഇയർബഡ്‌സായ പിക്‌സൽ ബഡ്‌ഡ് പ്രോ 2ന്‍റെ താങ്ങാനാവുന്ന വിലയിലുള്ള മോഡലായി ഇത് പുറത്തിറക്കിയേക്കാം. ഇയർബഡ്‌സിനായുള്ള ചാർജിങ് ആക്‌സസറികൾ മെച്ചപ്പെടുത്താനും, പുതിയ എഐ അധിഷ്‌ഠിത സവിശേഷതകൾ അവതരിപ്പിക്കാനും ഗൂഗിൾ ശ്രമിക്കുമെന്നും പ്രതീക്ഷിക്കാം.