തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു, അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു

0
train

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ ഒരു ഭാഗം മുഴുവൻ വൻതോതിൽ പുകപടലങ്ങളും തീജ്വാലകളും നിറഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

അപകടത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ധനത്തിന്‍റെ അളവ് വളരെ കൂടുതലായതിനാൽ തീ കൂടുതൽ പടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പത്തിലധികം ഫയർ എഞ്ചിനുകൾ തീ അണയ്‌ക്കുന്നതിനായി ശ്രമം നടത്തുന്നുണ്ട്. ഇതുവരെ അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു.
സമീപത്തെ ജനവാസ മേഖലകളിൽ താമസിക്കുന്ന മുന്‍ കരുതലിന്‍റെ ഭാഗമായി ആളുകളെ പൊലീസ് ഒഴിപ്പിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അപകട സ്ഥലത്തിന് സമീപമുള്ള വീടുകളിലെ എൽപിജി സിലിണ്ടറുകൾ നീക്കം ചെയ്യുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിനായി ആരക്കോണത്ത് നിന്ന് ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തെത്തുടർന്ന് ആരക്കോണം റൂട്ടിലെ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇതുമൂലം യാത്രക്കാർക്ക് നിരവധി ബൂദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.

തിരുവള്ളൂർ ജില്ലാ കലക്‌ടർ എം പ്രതാപ് സംഭവസ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തീ നിയന്ത്രണവിധേയമാക്കാൻ കുറച്ച് മണിക്കൂറുകൾ എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തമിഴ്‌നാട് മന്ത്രി എസ്എം നാസർ സംഭവസ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *