മീന്‍ കട പൂട്ടിച്ചതില്‍ വിശദീകരണവുമായി സിപിഎം

കോഴിക്കോട്: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മുക്കത്ത് മീന്‍ കട പൂട്ടിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് ടി വിശ്വനാഥന്‍. കടപൂട്ടിച്ചതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുയാണെന്നും ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ടി വിശ്വനാഥന്‍ ഫെയസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
പണിമുടക്കുമായി സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. ആയിരത്തോളം കടകളുള്ള മുക്കം അങ്ങാടിയില്‍ രണ്ടോ മൂന്നോ കടകള്‍ ഒഴികെ ബാക്കിയെല്ലാം പൂട്ടിയിരുന്നു. ഈ ഒരു മത്സ്യക്കട മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഇത് അടയ്ക്കാന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും അവര്‍ തയ്യാറായില്ല. വന്‍തോതില്‍ ലാഭം ഉണ്ടാക്കാന്‍ വേണ്ടി ഒരാള്‍ മാത്രം പഴയ സാധനങ്ങളെല്ലാം വിറ്റഴിക്കുകയാണെന്ന് മറ്റ് കച്ചവടക്കാരും വിളിച്ചു പറഞ്ഞു. ഒരാള്‍ക്ക് മാത്രം സൗകര്യം ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നും അടുത്ത പണിമുടക്കില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മറ്റ് വ്യാപാരികള്‍ പറഞ്ഞതോടെയാണ് കടപൂട്ടാന്‍ ആവശ്യപ്പെട്ടത്.
പല തവണ അഭ്യര്‍ഥിച്ചിട്ടും കച്ചവടക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. പണിമുടക്ക് പൊളിക്കാന്‍ സന്നദ്ധമായപ്പോഴാണ് കടക്കാരോട് ശക്തമായി പറയേണ്ടിവന്നത്. കത്തിക്കുമെന്നൊന്നും ആരും പറഞ്ഞിട്ടില്ല. കടയടയ്ക്കാനുള്ള അഭ്യര്‍ഥന മാനിക്കാതെ വന്നപ്പോള്‍ അല്‍പം രൂക്ഷമായി പറയേണ്ടി വന്നിട്ടുണ്ട്. പണിമുടക്കുന്നവരെ പ്രകോപിപ്പിച്ച് വെല്ലുവിളി നടത്തിയപ്പോഴാണ് കടക്കാരനോട് ശക്തമായി പറയേണ്ടിവന്നതെന്നും ഇതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുയാണെന്നും വിശ്വനാഥന്‍ പറഞ്ഞു.