സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കാം; കടം കൊടുക്കാനും വാങ്ങാനും പാടില്ലാത്ത ദിവസങ്ങൾ
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന് ജ്യോതിഷ വിദഗ്ധർ പറയാറുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു. ഈ ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ ഐശ്വര്യക്ഷയത്തിനും സാമ്പത്തിക ഇടിവിനും കാരണമാകും.
ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യുന്നതും നല്ലതല്ല. സാഹചര്യമനുസരിച്ച് സാമ്പത്തിക ഇടപാടുകൾക്ക് അനുകൂലമല്ലാത്ത ദിവസങ്ങളിൽ പണം കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യരുത്. ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകാം. പെട്ടെന്നൊരു ആവശ്യം വരുമ്പോൾ സാധാരണക്കാർക്ക് കടം വാങ്ങേണ്ടി വരാറുണ്ട്. ഈ കടബാധ്യത എപ്പോഴും വലിയൊരു തലവേദനയാകാറുണ്ട്.സാമ്പത്തിക ബാധ്യതകളില്ലാത്ത ജീവിതം ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്. ഇതിനായി ജീവിതത്തിൽ ചില കാര്യങ്ങൾ പാലിച്ചാൽ മതിയാകും.
ഭാഗ്യവും ഐശ്വര്യവും നൽകുന്ന ദിവസമാണ് വ്യാഴം. എല്ലാ വ്യാഴാഴ്ചകളിലും ചില ചിട്ടകൾ ശീലിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട് അലട്ടുകയില്ല എന്നാണ് വിശ്വാസം. ധനത്തിന്റെയും സൗഭാഗ്യത്തിന്റെയും കാരകനായ വ്യാഴ ഗ്രഹത്തിന്റെ സ്വാധീനമുള്ള ദിവസമായതിനാൽ ദാനധർമാദികൾക്ക് ഏറ്റവും പ്രാദാന്യമുള്ള ദിവസമാണിത്. ദാനങ്ങളിൽ ശ്രേഷ്ഠം അന്നദാനമാണ്. ഈ ദിവസത്തിൽ ദാനം ചെയ്യുന്നത് സാമ്പത്തിക വർധനയ്ക്ക് കാരണമാകുന്നു. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രാധാന്യമുള്ള ദിവസംകൂടിയാണ് വ്യാഴാഴ്ച. അതിനാൽ വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്രദർശനം നടത്തി നെയ്യ്, തുളസിമാല, മഞ്ഞപ്പൂക്കൾ എന്നിവ സമർപ്പിക്കാം.
പേരിലും നാളിലും ഭാഗ്യസൂക്ത അർച്ചന കഴിക്കുന്നതും സൗഭാഗ്യം വർധിപ്പിക്കും . പുലർച്ചെ ശരീരശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നതും വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിക്കുന്നതും തുളസിച്ചെടി നനയ്ക്കുന്നതും ഐശ്വര്യം വർധിപ്പിക്കും. അന്നേദിവസം കഴിവതും സസ്യാഹാരം കഴിച്ച് ഭക്തിയോടെ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും മികച്ച ഫലം നൽകും. വ്യാഴാഴ്ച തിരുപ്പതി ഭഗവാനെ പ്രാർഥിക്കുന്നതും നല്ലതാണ്. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് “ഓം നമോ വെങ്കടേശായ“ എന്ന് 108 തവണ ജപിക്കാം. വെങ്കടേശ്വരഗായത്രി ജപവും ഫലം നൽകും.
വെങ്കടേശ്വരഗായത്രി
“ നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത് “