ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആശങ്ക:ട്രംപിന്‍റെ നയങ്ങളില്‍ ഇന്ത്യൻ ഓഹരി വിപണി ആടിയുലയുന്നു!

മുംബൈ: ഇന്ന് ,ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ ഇടിവിനെ തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ഗണ്യമായ നഷ്‌ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് 3000 പോയിന്‍റ് ഇടിഞ്ഞാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്‌റ്റി 1000 പോയിന്‍റും ഇടിഞ്ഞു. 6 മാസത്തിന് ശേഷമാണ് വിപണി കനത്ത നഷ്‌ടം നേരിടുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഇന്ന് ഏഷ്യന്‍ വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. എല്ലാ സെക്‌ടറുകളും ഇന്ന് നഷ്‌ടത്തിലാണ്. സെന്‍സെക്‌സും നിഫ്റ്റിയും അഞ്ചുശതമാനമാണ് ഇടിഞ്ഞത്.
ഇതിന്‍റെ ഫലമായി, നിക്ഷേപകരുടെ സമ്പത്തില്‍ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്‌റ്റ് ചെയ്‌ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേക്ക് താഴ്‌ന്നു.
രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സിന് 3,000ത്തോളം പോയിന്‍റ് നഷ്‌ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തുകയും ചെയ്‌തു. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്‌ടമായി. സെക്‌ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. സൂചിക ഏഴ് ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഐടി, ഓട്ടോ, എനര്‍ജി, റിയാല്‍റ്റി തുടങ്ങിയവയും കനത്ത തിരിച്ചടി നേരിട്ടു. 4 മുതൽ 5 ശതമാനമാണ് ഈ സൂചികകളിലെ ഇടിവ്.
വിപണിയിലെ അസ്ഥിരതാ സൂചിക 50 ശതമാനത്തിലധികം ഉയർന്നു. ഒരുവിധം എല്ലാ മേഖല സൂചികകളും നഷ്‌ടത്തിലാണ്. മിഡ്ക്യാപ് സൂചികകളിലാണ് നഷ്‌ടം രൂക്ഷമായിരിക്കുന്നത്. ടെക്, മെറ്റൽ ഓഹരികളാണ് വിൽപ്പനയുടെ ആഘാതം നേരിടുന്നത്.
ആഗോളതലത്തിൽ ടെക് ഓഹരികളിലുണ്ടായ ആഴത്തിലുള്ള വിൽപ്പന സമ്മർദത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിഫ്റ്റി ഐടി സൂചിക ആറ് ശതമാനത്തിലേക്ക് ഇടിഞ്ഞ് 31,519.55 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. സൂചികയിലെ 10 ഘടകങ്ങളും നഷ്‌ടത്തിലായിരുന്നു. കോഫോർജിലും എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.
ടെക് മഹീന്ദ്രയും ഇൻഫോസിസും ഏഴ് ശതമാനം നഷ്‌ടവുമായി തൊട്ടുപിന്നിലുണ്ട്. അതേസമയം എച്ച്‌സിഎൽ ടെക്, പെർസിസ്‌റ്റന്‍റ്, എംഫസിസ്, ടിസിഎസ് എന്നിവ ഓരോന്നും ആറ് ശതമാനം വീതം ഇടിഞ്ഞു. ആഗോള തലത്തിൽ തിരിച്ചടികളും ഐടി ചെലവ് ചുരുക്കലുകളെക്കുറിച്ചുള്ള ആശങ്കകളും വർധിച്ച് വരുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ ജാഗ്രത ഈ കുത്തനെയുള്ള ഇടിവിന് അടിവരയിടുന്നു.ടാറ്റ ഗ്രൂപ്പിന്‍റെ മൂന്ന് ഓഹരികളാണ് നിഫ്റ്റി 50ൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത്. ട്രെന്‍റ് ലോവർ സർക്യൂട്ടിലെത്തി ഗണ്യമായ നഷ്‌ടം നേരിട്ടു. തൊട്ടുപിന്നാലെ ടാറ്റ സ്‌റ്റീൽ, ടാറ്റ മോട്ടോഴ്‌സ് എന്നിവ യഥാക്രമം 10 8.3 ശതമാനവും ഇടിഞ്ഞു. ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ ഓഹരികൾ 4.95 ശതമാനം ഇടിഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വിനിമയം തുടങ്ങിയ ഉടനെ 50 പൈസ ഇടിഞ്ഞു. നിലവില്‍ 85.74 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം, റിസര്‍വ് ബാങ്കിന്‍റെ പണ വായ്‌പ നയ പ്രഖ്യാപനം എന്നിവയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
അതേസമയം ചൈന, അമേരിക്കൻ ഉത്‌പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തി. ഇതോടെ, ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയിലാണ് വിപണി. വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യൻ വിപണിയിൽ നിന്നും ഓഹരികൾ വിറ്റഴിക്കുകയാണ്.
ചൈനീസ് വിപണിയിലും കനത്ത തകര്‍ച്ചയുണ്ടായി. ചൈനയിലെ സിഎസ്‌ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു. ഹോങ്കോങിന്‍റെ ഹാങ്‌സെങ് 8 ശതമാനവും ഇടിവ് നേരിട്ടു. മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തായ്‌വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി. ജപ്പാന്‍റെ നിക്കി 8.8 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിക്കുകയും ചെയ്‌തു.