മരണപ്പെട്ട കർഷകന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

0

ചണ്ഡിഗഡ്: കർഷക സമരത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരണപ്പെട്ട യുവ കർഷകൻ ശുഭ്കരൻ സിങ്ങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ. സിങ്ങിന്‍റെ സഹോദരിക്കു സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പഞ്ചാബ് -ഹരിയാന അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിനിടെ ബുധനാഴ്ചയാണ് സിങ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 12 പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. കർഷകന്‍റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരേ നിയമ നടപടി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മരണപ്പെട്ട സിങ്ങിന്‍റെ കുടുംബത്തിന് ധനസഹായം നൽകണമെന്നും കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.സിങ്ങിന്‍റെ സ്മരണയ്ക്കായി പ്രതിമ നിർമിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സിങ്ങിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് കുടുംബത്തിന് കൈമാറിയതിനു ശേഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സിങ്ങിന്‍റെ മരണത്തെത്തുടർന്ന് രണ്ടു ദിവസത്തേക്ക് കർഷകർ സമരത്തിന് ഇടവേള നൽകിയിരിക്കുകയായിരുന്നു. ആയിരക്കണക്കിന് കർഷകരാണ് ട്രാക്റ്ററുകളുമായി പഞ്ചാബ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരുമായി നാലു തവണ ചർച്ച നടന്നെങ്കിലും പരിഹാരം കാണാൻ ആയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *