ഉദ്ദവ് താക്കറെയെ ഭരണപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്‌ത് ഫഡ്‌നാവിസ്

മുംബൈ: ഇന്ന് സംസ്‌ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവും ശിവസേനയിലെ താക്കറെ വിഭാഗത്തിലെ അംഗവുമായ അംബാദാസ് ദാൻവെയുടെ വിടവാങ്ങൽ ചടങ്ങിനിടെ സംസാരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ ഭരണപക്ഷത്തേയ്ക്ക് പരസ്യമായി സ്വാഗതം ചെയ്തു.
സഭയിലുണ്ടായിരുന്ന താക്കറെയെ അഭിസംബോധന ചെയ്തുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു: “നോക്കൂ ഉദ്ധവ്-ജി, 2029 വരെ ഞങ്ങൾ പ്രതിപക്ഷത്തേയ്ക്ക് പോകില്ല , പക്ഷേ താങ്കൾ ഇവിടെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പരിഗണിക്കാൻ തയ്യാറാണ്.തീരുമാനം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.
അംബദാസ് ദാൻവെ പ്രതിപക്ഷത്താകാം , പക്ഷേ അദ്ദേഹത്തിന്റെ യഥാർത്ഥ ചിന്തകൾ വലതുപക്ഷമാണ് “.
ഫഡ്നാവിസിൻ്റെ പ്രസംഗത്തെ ഭരണപക്ഷം പൊട്ടിച്ചിരികളോടെയും കൈയടിച്ചും സ്വാഗതം ചെയ്തു.
താക്കറെ വിഭാഗത്തിനെതിരെ ബിജെപി വികാരങ്ങൾ അയഞ്ഞതായി നിരവധി റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് മുഖ്യമന്ത്രി പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ നിയന്ത്രിക്കാനുള്ള ഒരു തന്ത്രം കൂടിയാണ് ഫഡ്‌നാവിസിന്റെ പരാമർശമെന്ന് പാർട്ടിക്കുള്ളിൽ നിന്നുള്ളവർ സൂചിപ്പിച്ചു.
രാജ്യത്തെ ഏറ്റവും സമ്പന്ന നഗരസഭയായ ബ്രിഹൻമുംബൈ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഷിൻഡെ സേനയും ബിജെപിയും വെവ്വേറെ മത്സരിക്കുമെന്നും ഊഹാപോഹങ്ങളുണ്ട് .