കവരപ്പേട്ട ട്രെയിൻ അപകടം: കാരണം സിഗ്നൽ സംവിധാനത്തിലെ തകരാറാകാമെന്ന് വിദഗ്ധർ, അട്ടിമറി അന്വേഷിക്കാൻ എൻഐഎ
ചെന്നൈ ∙ കവരപ്പേട്ടയിൽ ട്രെയിൻ അപകടത്തിന് കാരണമായത് സിഗ്‌നൽ സംവിധാനത്തിലെ സാങ്കേതിക പിഴവുകളാകാനാണ് സാധ്യതയെന്ന് വിദഗ്ധർ. അതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ‘ഡേറ്റ ലോഗർ’ അതാണ് തെളിയിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. 7 മിനിറ്റ് മുൻപ് അതേ പാളത്തിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോയതിനാൽ അട്ടിമറിക്കുള്ള സാധ്യത വളരെ കുറവാണെന്നും അവർ പറയുന്നു.തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിൽ അട്ടിമറി സാധ്യതയുണ്ടോയെന്നു കണ്ടെത്താൻ എൻഐഎ അന്വേഷണം തുടങ്ങി.
അപകടം നടന്ന സ്ഥലത്ത്, സിഗ്‌നൽ സംവിധാനത്തെ പാളവുമായി ഘടിപ്പിക്കുന്ന ചില നട്ടുകൾ അഴിഞ്ഞ നിലയിൽ കണ്ടെത്തിയതിനെക്കുറിച്ചും എൻഐഎ വിശദമായ അന്വേഷണം നടത്തും.മൈസൂരു – ദർഭംഗ ബാഗ്‍മതി എക്സ്പ്രസാണ് കഴിഞ്ഞ 11നു രാത്രി നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയത്. അതോടെ, 22 കോച്ചുകളുള്ള ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റി. ഇതിൽ 6 കോച്ചുകൾ പൂർണമായി നശിച്ചു. 3 ദിവസമായി ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ 2 കോച്ചുകൾക്കും തീപിടിച്ചു.
അപകടത്തിൽ ബാഗ്‌മതി എക്സ്പ്രസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് രാം അവതാർ മീണ ഉൾപ്പെടെ 19 പേർക്ക് പരുക്കേറ്റിരുന്നു. 7 പേർ ഇപ്പോഴും ചികിത്സയിലാണ്.അപകടത്തെക്കുറിച്ച് അന്വേഷിക്കാനായി 6 ഉദ്യോഗസ്ഥരുടെ ഉന്നതതല സമിതിയെ റെയിൽവേയും രൂപീകരിച്ചിട്ടുണ്ട്. മെക്കാനിക്കൽ, റെയിൽവേ മെയ്ന്റനൻസ്, സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, റെയിൽവേ സുരക്ഷ എന്നീ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുക.
അവർ ഉടൻ റിപ്പോർട്ട് നൽകും. സിഗ്‌നൽ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക നിഗമനം.അപകടമേഖലയിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.ലൂപ് ലൈനിലേക്കും പ്രധാന ലൈനിലേക്കും ട്രെയിനുകളെ വഴിതിരിച്ചുവിടുന്ന സംവിധാനം സിഗ്‌നലിനനുസരിച്ച് പ്രവർത്തിക്കാഞ്ഞതോ സെൻസർ സംവിധാനത്തിലെ തകരാറോ അപകടത്തിനു കാരണമാകാമെന്ന് വിലയിരുത്തലുണ്ട്. അതേസമയം, ട്രെയിൻ ചക്രങ്ങളിലെ തേയ്മാനം ലൈൻ മാറി പോകുന്നതിലേക്കു നയിക്കില്ലെന്നും റെയിൽവേയിലെ സാങ്കേതിക വിദഗ്ധർ പറഞ്ഞു.