ഇംഗ്ലണ്ടിന്റെ പരിശീലകനായി തോമസ് ടുഹേൽ
ലണ്ടൻ∙ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. ജനുവരിയിലാണു അൻപത്തിയൊന്നുകാരനായ ടുഹേൽ ചുമതലയേൽക്കുക. തോൽവികൾ തുടർക്കഥയായതോടെ സ്ഥാനമൊഴിഞ്ഞ ഗാരെത് സൗത്ത്ഗേറ്റിനു പകരക്കാരനായി എത്തിയ ലീ കാർസ്‌ലെയാണു നിലവിൽ ഇംഗ്ലണ്ടിന്റെ കോച്ച്. അടുത്ത 2 നേഷൻസ് ലീഗ് മത്സരങ്ങളിലും ലീ പരിശീലകനായി തുടരും. 2021ൽ ചെൽസിയുടെ കോച്ചായി സ്ഥാനമേറ്റ ടുഹേലിന്റെ കീഴിൽ ടീം ചാംപ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. പിന്നീട് ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ പരിശീലകനായി. എന്നാൽ ബയൺ തുടരെ തോൽവികൾ രുചിച്ചതിനു പിന്നാലെ ഈ വർഷമാദ്യം ടുഹേലിന്റെ കസേര തെറിച്ചിരുന്നു. ജർമൻകാരനായ ടുഹേൽ, സ്വീഡന്റെ ഗൊരാൻ എറിക്സനും ഇറ്റലിയുടെ ഫാബിയോ കാപ്പെല്ലോയ്ക്കും ശേഷം ഇംഗ്ലണ്ടിന്റെ പരിശീലകനാകുന്ന മൂന്നാമത്തെ ബ്രിട്ടിഷ് ഇതര വംശജനാണ്.