ഇംഗ്ലണ്ട് ടീമിൽ ഓപ്പണർമാരായി ‘സോൾട്ട് ആൻഡ് പെപ്പർ’ വരുന്നു; സ്കോർ ബോർഡിൽ ‘കുക്ക് സി മസ്റ്റാഡ് ബി ഒണിയൻസ്’ വേറെ!

0

ഡൈനിങ് ടേബിളിൽ സോൾട്ട് എന്ന ഉപ്പിന്റെ ഏറ്റവും അടുത്ത പങ്കാളി പെപ്പർ എന്ന കുരുമുളക് തന്നെ. ഇംഗ്ലിഷ് ടീമിലും ഇനി അതങ്ങനെയാണ്! വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെയാണ് പിച്ചിലും ‘സോൾട്ട് ആൻഡ് പെപ്പർ’ കൂട്ടുകെട്ട് ഒരുങ്ങുന്നത്. ക്യാപ്റ്റൻ ജോസ് ബട്‌ലർ ഏകദിന പരമ്പരയിൽ നിന്നു വിട്ടു നിന്നതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർ‍ഡ് ടീമിലെടുത്തത് വിക്കറ്റ് കീപ്പർ ബാറ്ററായ മൈക്കൽ പെപ്പറിനെ. വിൻഡീസിനെതിരെ ഫിൽ സോൾട്ടിനൊപ്പം പെപ്പർ ബാറ്റിങ് ഓപ്പൺ ചെയ്യുന്നതു കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഇരുവരും വിക്കറ്റ് കീപ്പർമാരാണെന്നത് മറ്റൊരു മനപ്പൊരുത്തം. ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെ ലോകമെങ്ങുമുള്ള ട്വന്റി20 ലീഗുകളിൽ ‘ഉപ്പു പോലെ ചേരുവ’യായ ഇരുപത്തിയെട്ടുകാരൻ ഫിൽ സോൾട്ടിനെ എല്ലാവർക്കും പരിചിതം. എന്നാൽ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ എസക്സിന്റെ താരമായ മൈക്കൽ പെപ്പർ രാജ്യാന്തര ക്രിക്കറ്റിൽ പുതുമുഖമാണ്. ആഭ്യന്തര ട്വന്റി20 ചാംപ്യൻഷിപ്പായ വൈറ്റാലിറ്റി ബ്ലാസ്റ്റിൽ പുറത്തെടുത്ത മികവാണ് ഇരുപത്തിയാറുകാരൻ പെപ്പറിനു ഇംഗ്ലണ്ട് ദേശീയ ടീമിലേക്കു വഴി തുറന്നത്.

∙ കുക്കറി ഷോ

ഇംഗ്ലിഷ് ക്രിക്കറ്റർമാരുടെ കൗതുകകരമായ പേരുകൾ സോൾട്ടിലും പെപ്പറിലും തുടങ്ങുന്നതും തീരുന്നതുമല്ല. ഇംഗ്ലിഷ് ക്രിക്കറ്റിന്റെ ചരിത്രം പറയുമ്പോൾ ഒരിക്കലും ബഹിഷ്കരിക്കാനാവാത്ത പേരാണ് ജെഫ് ബോയ്ക്കോട്ടിന്റേത്. അലസ്റ്റയർ ‘കുക്ക്’ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചറികൾ അപ്പം പോലെ ചുട്ടെടുക്കുന്ന കാലത്ത് ജോസ് ബട്‌ലർ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ബോളർമാരെ ‘അടിച്ചു പരത്തുക’യായിരുന്നു.ടെസ്റ്റ് മത്സരങ്ങളിൽ ടീമിന്റെ തായ്ത്തടിയിളകുമ്പോൾ പിച്ചിൽ വേരുറപ്പിക്കാൻ ഇംഗ്ലണ്ട് ഇപ്പോഴും ഉറ്റു നോക്കുന്നത് ജോ ‘റൂട്ടി’നെയാണ്. റൂട്ടിനു മുൻപ് ആ ദൗത്യം നിർവഹിച്ചിരുന്നത് ഇയാൻ ‘ബെൽ’ ആയിരുന്നു. കളിക്കണക്കിൽ ഇവരുടെയത്ര പെരുമയില്ലെങ്കിലും പേരിലെ ‘ഓസ്കർ ബഹുമതിക്ക്’ അർഹനായ മറ്റൊരു ഇംഗ്ലിഷ് താരമുണ്ട്; റയാൻ സൈഡ്ബോട്ടം! കൗണ്ടി ക്രിക്കറ്റിലെ മിന്നുംതാരമായിരുന്നെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ ‘അരികിലും താഴെയുമായി’ റയാന്റെ കരിയർ തീർന്നു പോയി.

∙ ഓസീസിന്റെ വേദന

ക്രീസിൽ ‘തലവട്ടം’ കണ്ടാൽ പോലും ബോളർമാരുടെ നെഞ്ചിടിക്കുന്ന ഒരാൾ ഓസ്ട്രേലിയൻ ടീമിലുണ്ട്– ട്രാവിസ് ഹെഡ്! ടെസ്റ്റ് ക്രിക്കറ്റിൽ ‘10000 റൺസ് എന്ന അതിർത്തി ഭേദിച്ച അലൻ ‘ബോർഡറും’ ഓസ്ട്രേലിയക്കാരൻ. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ബോർഡറുടെ പിൻമുറക്കാരിലൊരാളായ ടിം പെയ്ന്റെ കരിയറും റിട്ടയർമെന്റും പേരു പോലെ തന്നെ വേദനാജനകമായി. കൂട്ടം തെറ്റിയ ഉറുമ്പുകളെപ്പോലെ വെസ്റ്റിൻഡീസ് കളിക്കാർ പല വഴിക്കു ചിതറിയ കാലത്ത് അവരെ കൂട്ടിപിടിച്ചയാളാണ് ജെയ്സൻ ‘ഹോൾഡർ’.

ഈ ഇംഗ്ലിഷുകാരുടെയും ഓസ്ട്രേലിയക്കാരുടെയും വിൻഡീസുകാരുടെയും ഒരു കാര്യം എന്നു പറഞ്ഞു ചിരിക്കാ‍ൻ വരട്ടെ. അവർക്കു കൗതുകം കൊള്ളാനുള്ള പേരുകൾ നമ്മുടെ താരങ്ങൾക്കുമുണ്ട്. കേരള ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസ് ബോളർമാരിലൊരാളാണ് സന്ദീപ് വാരിയർ. സന്ദീപ് ഒരുപോരാളിയാണെങ്കിലും ആ അർഥത്തിലല്ല പേര് എന്നു പറഞ്ഞാൽ ഇംഗ്ലിഷുകാർ സമ്മതിക്കുമോ? സന്ദീപിന്റെ ബോളിങ് പങ്കാളിയുടെ പേര് അതിലും കൊള്ളാം; ബേസിൽ തമ്പി. Basil എന്നു വച്ചാൽ തുളസിച്ചെടി!!!

∙ കുക്ക് സി മസ്റ്റാഡ് ബി ഒണിയൻസ് ! 

സവോളയും കടുകും കുക്കിന്റെ കണ്ണിൽ പൊട്ടിത്തെറിച്ചു എന്ന് ആലങ്കാരികമായി പറയാവുന്ന ഇങ്ങനെയൊരു സ്കോർ ബോർഡ് ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുണ്ട്. 2007ൽ കെന്റും ഡർഹാമും തമ്മിലുള്ള കൗണ്ടി മത്സരത്തിലായിരുന്നു അത്. കെന്റ് ബാറ്റർ സൈമൺ കുക്കിനെ ഗ്രഹാം ഒണിയൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ മസ്റ്റാഡ് ക്യാച്ചെടുത്തു.ഇതു പോലെ കൗതുകകരമായ ഒന്ന് 1980ൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലുമുണ്ടായിരുന്നു. ക്ലൈവ് റൈസിന്റെ പന്തിൽ അലൻ ലാംബിനെ അലൻ കറി ക്യാച്ചെടുത്തപ്പോൾ സ്കോർ ബോർഡ് ഇങ്ങനെ; ലാംബ് സി കറി ബി റൈസ്. ആട്ടിൻ കറിയും ചോറും പോലൊരു അടിപൊളി കോംബിനേഷൻ!

Spread the love

Leave a Reply

Your email address will not be published. Required fields are marked *