പാറശ്ശാല മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം
പാറശ്ശാല : കടുത്ത വേനലിൽ പാറശ്ശാല മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോൾ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ദിവസേന പാഴാവുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം. പാറശ്ശാല ഗ്രാമപ്പഞ്ചായത്ത് മേഖലയിൽ ഒരുമാസമായി രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. കാളിപ്പാറ, വണ്ടിച്ചിറ കുടിവെള്ളപദ്ധതികളെ ആശ്രയിച്ചായിരുന്നു പ്രദേശത്ത് കുടിവെള്ളവിതരണം നടത്തിയിരുന്നത്.
ഒരു മാസം മുൻപേ കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള കുടിവെള്ളവിതരണം പൂർണമായും നിലച്ചതിനെത്തുടർന്ന് വണ്ടിച്ചിറ പദ്ധതിയിൽനിന്നു മാത്രമാണ് പാറശ്ശാല മേഖലയിൽ ജല അതോറിറ്റി കുടിവെള്ളവിതരണം നടത്തിവരുന്നത്.പാറശ്ശാല പഞ്ചായത്ത് മേഖലയിൽ പൂർണമായും ജലവിതരണം ചെയ്യാനുള്ള ശേഷി വണ്ടിച്ചിറ പദ്ധതിക്കില്ല. പാറശ്ശാലയുടെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് വെള്ളം എത്തിയിട്ട് ആഴ്ചകൾ കഴിയുന്നു. പലയിടങ്ങളിലും ആഴ്ചയിൽ ഒരിക്കൽവീതമാണ് ഇപ്പോൾ കുടിവെള്ളവിതരണം നടക്കുന്നത്.
കുടിവെള്ളവിതരണം കൃത്യമായി നടത്താൻ സാധിക്കാത്ത സമയത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ദിവസേന ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാറശ്ശാല ടൗൺ മേഖലയിൽ പാഴാവുന്നത്.ജൽ ജീവൻ മിഷന്റെ കീഴിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കിടയിൽ പൊട്ടിയ പൈപ്പുകളിലൂടെയുള്ള ചോർച്ച മൂലമാണ് വലിയതോതിൽ വെള്ളം പാഴാകുന്നത്.
പാറശ്ശാല ദളവാപുരം ഗ്രാമം മേഖലയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴികളെടുത്തിരുന്നു. ജോലികൾ പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിനു പിന്നാലെ കുഴികൾ എടുത്ത സ്ഥലത്ത് വീടുകളിലേക്കുള്ള കണക്ഷനുകൾ പൊട്ടിയതിനെത്തുടർന്ന് കുടിവെള്ളം വലിയതോതിൽ പാഴായി. ഞായറാഴ്ച രാവിലെതന്നെ പ്രദേശവാസികൾ ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. തിങ്കളാഴ്ച രാവിലെ തൊഴിലാളികൾ എത്തുന്നതുവരെ പൊട്ടിയ പൈപ്പുകളിലൂടെ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. തിങ്കളാഴ്ച തൊഴിലാളികൾ അറ്റകുറ്റപ്പണി നടത്തി ചിലയിടങ്ങളിലെ ചോർച്ച അടച്ചുവെങ്കിലും ഇപ്പോഴും പലയിടങ്ങളിലും പൊട്ടി പൈപ്പ് വഴി കുടിവെള്ളം പാഴാകുന്നുണ്ട്.
പഞ്ചായത്ത് മേഖലയിൽ പലയിടത്തും കുടിവെള്ളവിതരണം നടത്തിയിട്ട് ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിലാണ് ടൗൺ മേഖലയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വൻതോതിൽ കുടിവെള്ളം പാഴാകുന്നത്. പൈപ്പുകൾ പൊട്ടി വെള്ളം ഒഴുകുന്നതുമൂലം വീടുകളിലെ ടാങ്കുകളിലേക്കു വെള്ളം കയറുന്നില്ല. ജൽ ജീവൻ മിഷന്റെ പൈപ്പിടൽ ജോലിനടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥ മേൽനോട്ടമില്ലാത്തതു മൂലം തൊഴിലാളികൾ തങ്ങൾക്കു തോന്നുന്ന തരത്തിലാണ് ജോലിചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. പൈപ്പ് ഇടുന്നതിനായി എടുത്ത കുഴികൾ മൂടി ബലപ്പെടുത്താത്തതുമൂലം നിരവധി വാഹനങ്ങളാണ് ദിവസേന ഈ കുഴികളിൽ പുതയുന്നത്.