വെടിയേറ്റിട്ട് മണിക്കൂറുകൾ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്

0

വാഷിങ്ടൻ : പെനിസിൽവേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് വെടിയേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. പ്രചാരണത്തിനായി മിൽവോക്കിലേക്ക് ട്രംപ് എത്തിയതായി മകൻ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്സ്​ വൺ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മിൽവോക്കിൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. അതേസമയം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും എഫ്ബിഐയും. യുഎസ് പ്രസിനഡന്റിന്റെയും മുൻ പ്രസിഡന്റ്മാരുടെയും സുരക്ഷ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയാണ്.

ട്രംപ് പ്രസംഗിച്ചിരുന്ന വേദിയിൽ നിന്ന് 140 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിൽ നിന്നാണ് അക്രമി വെടിയുതിർത്തത്. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് അക്രമി നിരവധി തവണ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പെനിസിൽവേനിയയിലെ ബെഥെൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്കാണ് വെടിവച്ചതെന്ന് അന്വേഷണിൽ വ്യക്തമായിട്ടുണ്ട്. ഇത്രയും സുരക്ഷ ഉണ്ടായിരുന്ന പ്രദേശത്ത് ഇയാൾ എങ്ങനെ തോക്കുമായി എത്തിയെന്നും കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു കയറിയെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രചാരണ വേദിയ്ക്കു സമീപത്തെ കെട്ടിടങ്ങളെല്ലാം തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്നൈപ്പർമാർ നിരീക്ഷണത്തിലാക്കിയിട്ടും അക്രമി ഇവിടെ നിന്ന് വെടിയുതിർക്കുന്നത് എന്തുകൊണ്ട് ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥർ ചോദിക്കുന്നു. വിഷയത്തിൽ യുഎസ് പ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ രഹസ്യാന്വേഷണ വിഭാഗത്തോടും എഫ്ബിഐയോടും വിശദീകരണം തേടിയിട്ടുണ്ട്.

അതിനിടെ പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്​തു. രാജ്യത്ത് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കേണ്ടത് തിരഞ്ഞെുപ്പുകളിലൂടെയാണെന്നും വെടിയുണ്ടകളിലൂടെയല്ലെന്നും ബൈഡൻ ഓർമിപ്പിച്ചു. രാഷ്ട്രീയം ഒരിക്കലും യുദ്ധക്കളമാകരുതെന്നും ബൈഡൻ ആവശ്യപ്പെട്ടു. യുഎസിന്റെ ഭാവി നിർണയിക്കേണ്ടത് ജനങ്ങളാണ്. ഒരു അക്രമി വിചാരിച്ചാൽ അതിനെ മാറ്റിമറിക്കാൻ ആകില്ല. രാജ്യത്ത് ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും ബൈഡൻ ആവർത്തിച്ചു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *