എസ്പി സുജിത് ദാസിനെതിരെ ഡിജിപിയുടെ വ്യക്തിപരമായ അന്വേഷണം

0

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെത്തുടര്‍ന്ന് എസ്.പി. സുജിത് ദാസിനെ സസ്‌പെന്‍ഡുചെയ്തത് ഡി.ജി.പിയുടെ നേരിട്ടുള്ള ഇടപെടലില്‍. മലപ്പുറം എസ്.പി. ഓഫീസില്‍നിന്ന് സുജിത് ദാസ് ചുമതലയിലുണ്ടായിരുന്ന കാലത്തെ വിവരങ്ങള്‍ ഡി.ജി.പി. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബ് ശേഖരിച്ചു. സുജിത് ദാസ് എസ്.പിയായിരുന്ന കാലത്ത് പുറത്തിറക്കിയ ഉത്തരവുകള്‍, എടുത്ത നടപടികള്‍, യാത്രാ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമായിരുന്നു സസ്‌പെന്‍ഷന്‍.

ലഭിച്ച വിവരങ്ങള്‍ ഡി.ജി.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

പി.വി. അന്‍വറുമായുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റെയ്ഞ്ച് ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ സുജിത് ദാസ് ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്നായിരുന്നു അറിയിച്ചത്.

ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയൊന്നും എടുത്തിരുന്നില്ല. പത്തനംതിട്ട ജില്ലാ എസ്.പി. സ്ഥാനത്തുനിന്ന് മാറ്റി പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡി.ജി.പി. സ്വന്തം നിലയ്ക്ക് വിവരശേഖരണം നടത്തിയത്.

മലപ്പുറം എസ്.പിയായിരുന്ന കാലത്ത് സുജിത് ദാസ് സ്വീകരിച്ച നടപടികളാണ് പ്രധാനമായും പരിശോധിച്ചത്. ഇന്റലിജന്‍സ് മുഖേനയും ഇന്നത്തെ എസ്.പി. മുഖേനയും സുജിത് ദാസിന്റെ കാലത്തെ ഫയലുകള്‍ എടുപ്പിച്ചു. സര്‍ക്കുലറുകളും ഉത്തരവുകളും സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരവും പരിശോധിച്ചു. എസ്.പിയായിരിക്കെ സുജിത് ദാസിന്റെ യാത്രാരേഖകളും പരിശോധിച്ചു.

സുജിത് ദാസിന്റെ ആളുകളായി അറിയപ്പെടുന്ന സി.ഐമാരുടേയും എസ്.ഐമാരുടേയും വിവരം ശേഖരിച്ചു. പുതിയ എസ്.പി. ചുമതല ഏറ്റതിന് പിന്നാലെ ഇവരില്‍ പലരും നടപടി നേരിട്ടു. മണ്ണ- ക്വാറി മാഫിയയുമായി ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്നവരാണ് ഇവരെന്നാണ് ഡി.ജി.പിയുടെ കണ്ടെത്തല്‍.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *