ഷിൻഡെ രാജിവെച്ചു .ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും….
മുംബൈ: ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു, അജിത് പവാറിനൊപ്പം ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയാകും.അന്തിമതീരുമാനം ഇന്ന് വൈകുന്നേരം .
ബിജെപിയുടെ ഉന്നത നേതൃത്വം ഇന്നലെ ഫഡ്‌നാവിസിൻ്റെ പേര് നിർദ്ദേശിക്കുകയും അംഗീകാരത്തിന് സഖ്യകക്ഷികളായ ശിവസേനയുടെയും പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും (എൻസിപി) നേതൃത്തത്തിനു നൽകുകയും അതവർ അംഗീകരിച്ചതായും ബിജെപിയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ശിവസേനയ്ക്കും എൻസിപിക്കും ഓരോ ഉപമുഖ്യമന്ത്രി വീതമുണ്ടാകുമെന്ന് മഹായുതിയിലെ മറ്റ് വൃത്തങ്ങൾ അറിയിച്ചു.
(അവിഭക്ത ശിവസേനയുമായി സഖ്യത്തിലായിരുന്ന ബിജെപി 2014ൽ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുകയും അദ്ദേഹം അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുകയും ചെയ്തിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള ബിജെപി അജിത് പവാറുമായി കൈകോർത്തു. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു, എന്നാൽ അജിത്, അമ്മാവനും നിലവിലെ എൻസിപി (എസ്‌പി) തലവനുമായ ശരദ് പവാറിൻ്റെ സവിധത്തിലേയ്ക്ക് തിരിച്ചുപോയതിനാൽ ആ സർക്കാറിന് 80 മണിക്കൂറിൻ്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .)
എന്നാൽ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ഞങ്ങളുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഒരു പേരും ഞങ്ങളുടെ പാർട്ടി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ശിവസേനയുടെ മുതിർന്ന നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷിൻഡെയെ പവാറിനൊപ്പം ഉപമുഖ്യമന്ത്രിയാക്കാനാണ് സാധ്യത. കഴിഞ്ഞ 36 മണിക്കൂറായി ഷിൻഡെ ബി.ജെ.പിയുമായി ചർച്ചകൾ നടത്തുന്നതിനിടെ, സേനയ്ക്ക് ഏകദേശം 12 മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നും ചില പ്രധാന വകുപ്പുകൾ നൽകുമെന്നും വാർത്തയുണ്ട് . എൻസിപിക്ക് പത്തോളം മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉൾപ്പെടെ 43 ആണ് മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ കൗൺസിലിന് അനുവദനീയമായ പരമാവധി പരിധി. 132 എംഎൽഎമാരുള്ള ബിജെപി 21 മന്ത്രിസ്ഥാനങ്ങൾ നിലനിർത്താനാണ് സാധ്യത.
ബിജെപി നിലനിർത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തരം, ധനം, നഗരവികസനം, റവന്യൂ എന്നീ നാല് പ്രധാന വകുപ്പുകൾ സഖ്യകക്ഷികളുമായി പങ്കിടുമെന്ന് വാർത്തയുണ്ട് . എന്നിരുന്നാലും, മന്ത്രിസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും എണ്ണത്തെക്കുറിച്ചുള്ള ചില അവസാന നിമിഷ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മന്ത്രിസഭാ ഘടനയും ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഷിൻഡെ, ഫഡ്‌നാവിസ്, പവാർ എന്നിവരുമായി വൈകുന്നേരം ഡൽഹിയിൽ ചർച്ച നടത്തുന്നുണ്ട്. അതിനുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയുടെ താൽപ്പര്യങ്ങൾ അതേപടി നിലനിറുത്തിക്കൊണ്ട് അവരുടെ ആശങ്കകൾ കഴിയുന്നിടത്തോളം ഉൾക്കൊള്ളുമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം സഖ്യകക്ഷികൾക്ക് ഉറപ്പ് നൽകിയതായി അറിയുന്നു.