കേരളത്തിലെ ദേശീയപാതകളുടെ തകർച്ച: 5 വർഷമായി ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലാ എന്ന് ഗഡ്‌കരി

ന്യുഡൽഹി : കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതകളുടെ ശോചനീയ അവസ്ഥയുടെ കാരണങ്ങൾ സംബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശാസ്ത്രീയമായോ സാങ്കേതികമായോ പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു.
എൻഎച്ച്-66 എന്ന ദേശീയപാതയുടെ നിരവധി ഭാഗങ്ങളിൽ അടുത്തിടെ വിള്ളലുകളും ഭാഗികമായ തകർച്ചകളും അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈപാതയിലുണ്ടാകുന്ന നാശനഷ്ടങ്ങൾ അതത് കരാറുകാർ അല്ലെങ്കിൽ കൺസ്ട്രക്ഷൻമാർ തന്നെ അവരുടെ ചെലവിൽ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 19-ന് മലപ്പുറത്തെ കൂരിയാട് പാലത്തിന് സമീപം റോഡ് തകർന്നുവീഴുന്നത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദേശീയപാത നിർമാണത്തിൽ സാങ്കേതിക പരാജയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പുതിയ റോഡുകൾ നിർമ്മിക്കുമ്പോൾ അതിന്റെ ഭൗമശാസ്ത്രപരമായ സവിശേഷതകൾ കണക്കിലെടുക്കാതെ ചെയ്ത പ്രവർത്തനങ്ങളാണ് പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് വലിയ തോതിൽ വിദഗ്ധർ വിമർശനം ഉന്നയിക്കുന്നു. സംസ്ഥാനത്തെ എൻഎച്ച്-66 നിർമാണമേഖലയിലുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിൽ, ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ പ്രദേശത്തെ ദുർബല മേഖലകൾ തിരിച്ചറിയുന്നതിലും അവിടുത്തെ വ്യത്യസ്ത മണ്ണിനസുസരിച്ച എഞ്ചിനീയറിംഗ് മാർഗങ്ങൾ നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നു. മെയ് 12-ന് കാസർഗോഡിലെ ചെറുവത്തൂരിൽ കുന്നിൻഭാഗം ഇടിഞ്ഞ് 18 വയസ്സുള്ള ഒരു തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവവും ഈ ഘട്ടത്തിൽ വലിയ പ്രാധാന്യം കൈവരിക്കുകയായിരുന്നു.
തകർച്ചയെ തുടർന്ന് ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM) പദ്ധതിയുടെ ഭാഗമായി റോഡുകളുടെ പരിപാലനച്ചുമതല വഹിക്കുന്ന കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ കേന്ദ്ര സർക്കാർ രണ്ട് വർഷത്തേക്ക് വിലക്കി. ഇതിനു പുറമെ, ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റുകളെതിരെ സാങ്കേതിക വീഴ്ചകളുടെ അടിസ്ഥാനത്തിൽ ശിക്ഷാനടപടികളും സ്വീകരിച്ചു. മെയ് 19-ന് നടന്ന തകർച്ചയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിർമാണത്തിലിരിക്കുന്ന എല്ലാ എൻഎച്ച്-66 പദ്ധതികളിലും തകർച്ച സാധ്യതയുള്ള മേഖലകൾ വിലയിരുത്താനും പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യാനും കേന്ദ്രം വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പക്ഷേ, ഇതുവരെ ഈ സമിതി അവരുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.