സമരപ്രഖ്യാപനം : റേഷൻ വ്യാപാരികളെ അനുനയിപ്പിക്കാൻ സർക്കാർ

0

ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി രണ്ടു മണിയോടെ ഓൺലൈൻ ആയിട്ട് ചർച്ച നടക്കും .

തിരുവനന്തപുരം : ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്നും വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം തടസപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കം നടത്തുമ്പോൾ അതിനെ ഗൗരവമായി കാണാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

സമരത്തിനാധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ഡിമാന്റുകളിൽ കേന്ദ്രസർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നതാണ് അതിലൊന്ന്. റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ഈ ഡിമാന്റ് സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.

നിലവിലെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷൻ അതാത് മാസം തന്നെ നൽകുക എന്നിവയാണ് മറ്റ് ഡിമാന്റുകൾ. ഈ ഡിമാന്റുകളെയും പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു. സർക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്ക്ക് പരിഗണിക്കാൻ കഴിയുന്ന ഡിമാന്റുകളാണിവ എന്ന് ജനുവരി 20ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വന്റ്‌റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിച്ചു വരുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്.

വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റ്‌റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. റേഷൻ സാധനങ്ങളുടെ ഗതാഗത കൈകാര്യ ചെലവുമായി ബന്ധപ്പെട്ടും ചെലവാകുന്ന ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നതെന്ന് മന്ത്രി പറഞ്ഞു.കോവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തിയ വകയിൽ റേഷൻ വ്യാപാരികൾക്ക് 39.46 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. 17.22 കോടി, 8.46 കോടി, 13.96 കോടി എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ് തുക നൽകിയിട്ടുള്ളത്.

റേഷൻ വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്കു മുന്നിൽ പിൻതിരിഞ്ഞു നിൽക്കുന്ന സമീപനമല്ല സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വളരെക്കാലമായി ഉന്നയിച്ച രണ്ടാവശ്യങ്ങളാണ് 2021-ലെ കെ.ടി.പി.ഡി.എസ് (കൺട്രോൾ) ഓർഡറും 1998ലെ കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്റ്റും കാലോചിതമായി പരിഷ്‌കരിക്കുക എന്നത്. ഈ രണ്ട് വിഷയങ്ങളിലും നിരന്തരമായ ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ, എൻ.എഫ്.എസ്.എ നടപ്പിലാക്കിയതിനു ശേഷമുള്ള റേഷൻ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും സാമൂഹികവുമായുള്ള പ്രശ്‌നങ്ങൾ പഠിക്കുന്നതിന് റേഷനിംഗ് കൺട്രോളർ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുകയും പ്രസ്തുത സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. ഈ റിപ്പോർട്ടിൻ മേലുള്ള ശിപാർശകൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *