CRPFവാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗര്‍: ഉധംപൂരിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. കാണ്ട്വ-ബസന്ത്ഗഢ് പ്രദേശത്ത് വച്ചായിരുന്നു 2 ധീര ജവാന്മാരുടെ ജീവനെടുത്ത അപകടം നടന്നത്. 12 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും ഉധംപൂർ അഡിഷണൽ എസ്‌പി സന്ദീപ് ഭട്ട് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉധംപൂർ ഡിസിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പരിക്കേറ്റ ജവാന്മാർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. വാഹനം നൂറിലധികം അടി താഴ്‌ചയിലേക്ക് മറിഞ്ഞതിനാൽ മരണസംഖ്യ ഉയർന്നേക്കാന്‍ സാധ്യതയുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകടത്തിൽ മരിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ലെഫ്റ്റണനൻ്റ് ഗവർണർ മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സിൻഹ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സൈനിക വാഹനം മറിഞ്ഞതുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും ധീര ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. “ജമ്മു-കാശ്‌മീരിലെ ഉദംപൂരിൽ നമ്മുടെ സൈനിക വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് സിആർപിഎഫ് ജവാൻമാർക്കും നിരവധി പേർക്കും പരിക്കേറ്റ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം സമാധാനം നൽകട്ടെ. ദുഃഖിതരായ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. നമ്മുടെ ധീരരായ ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും. പരിക്കേറ്റ ജവാൻമാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു”. പ്രിയങ്ക ഗാന്ധി എക്‌സില്‍ എഴുതി.